ടെഹ്റാന്‍ : കൊറോണ വൈറസ് രോഗം ഭേദമാകുന്നതിന് വേണ്ടി മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ച് ഇറാനില്‍ 27 പേര്‍ മരിച്ചു. ഇരുന്നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചാല്‍ കൊറോണ രോഗം മാറുമെന്ന വ്യാജസന്ദേശത്തെ തുടര്‍ന്നാണ് അമിതമായ അളവില്‍ വ്യാജമദ്യം കഴിച്ചത്.
മരിച്ച 27 പേരില്‍ 20 പേര്‍ ഇറാനിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്ഥാനില്‍ നിന്നുള്ളവരാണ്. ഏഴുപേര്‍ വടക്കന്‍ പ്രവിശ്യയാ അല്‍ബോര്‍സില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ 16 പേര്‍ കൊറോണ സ്ഥിരീകരിച്ചവരും ബാക്കിയുള്ളവര്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുമാണ്.
മദ്യപാനത്തിന് നിരോധനമുള്ള രാജ്യമാണ് ഇറാന്‍. ചില മുസ്ലിം ഇതര മതസ്ഥര്‍ ഒഴികെ മറ്റാര്‍ക്കും മദ്യം വാങ്ങാനോ വില്‍ക്കാനോ കുടിക്കാനോ ഇവിടെ അവകാശമില്ല. അങ്ങനെയിരിക്കെയാണ് മദ്യം കൊറോണ ഭേദമാക്കുമെന്ന വ്യാജസന്ദേശങ്ങള്‍ വിശ്വസിച്ച് നിരവധിപ്പേര്‍ മെഥനോള്‍ കലര്‍ന്ന മദ്യം വാങ്ങിക്കുടിച്ചത്. ഖുസെസ്ഥാനിലെ ആശുപത്രിയില്‍ 218 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ജുണ്ടിഷാപുര്‍ മെഡിക്കല്‍ സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജസന്ദേശങ്ങളുടെ ഉറവിടവും വ്യാജമദ്യം നിര്‍മ്മിച്ച് വിറ്റതിനെക്കുറിച്ചുമാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
Discussion about this post