തിരുവനന്തപുരം: പുതിയ തദ്ദേശസ്ഥാപനങ്ങളുടെ രൂപീകരണം റദ്ദാക്കിയ ഹൈകോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇന്നലെ രാത്രിവരെ നീണ്ട കൂടിയാലോചനകള്‍ക്കും ആശയവിനിമയത്തിനും ഒടുവിലാണ് കോടതിവിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
2010ലെ വിഭജനം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടിനോട് സര്‍ക്കാരിന് യോജിപ്പില്ല.
ഇന്ന് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കോടതിവഴി പരിഹാരം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. പഞ്ചായത്ത് രൂപവത്കരണം റദ്ദുചെയ്ത കോടതി നാലു മുനിസിപ്പാലിറ്റി ഒഴിച്ച് മറ്റുള്ളവയുടെ രൂപവത്കരണം അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ 2010ലെ നിലയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാല്‍ പ്രായോഗികമായും നിയമപരമായും ബുദ്ധിമുട്ടുണ്ടാവും. മുനിസിപ്പാലിറ്റികള്‍ പഞ്ചായത്തുകളാക്കി ഉത്തരവ് ഇറക്കണം. മുകളിലേക്ക് പോവാം. എന്നാല്‍ താഴേക്ക് പോവാനാവില്ല. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തും. അപ്പീല്‍ തള്ളിയാല്‍ അപ്പോള്‍ ആലോചിക്കാം.തെരഞ്ഞെടുപ്പ് കമീഷനുമായി ചര്‍ച്ചനടത്തിയത് എങ്ങനെ സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താമെന്നാണെന്നും മുഖ്യമന്ത്രി പറയുന്നു.
കാര്യങ്ങള്‍ ചെയ്യാന്‍ ഇനിയും ഒരു മാസം സമയമുണ്ട്. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി വരണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം.
കോടതിവിധി അംഗീകരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ നഗരസഭകളായി അംഗീകരിച്ചവയെ വീണ്ടും പഞ്ചായത്തുകളാക്കേണ്ടിവരുമെന്നതടക്കം നിയമപ്രശ്നം ഉയര്‍ത്തിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്.
ഇതോടെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ വീണ്ടും അനിശ്ചിതത്വത്തിലായി.
അപ്പീല്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടും അപ്പീല്‍ നല്‍കണമെന്ന് മുസ്ലിംലീഗ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം റദ്ദാക്കിയ കോടതി നാലെണ്ണം ഒഴികെയുള്ള നഗരസഭകളുടെ രൂപവത്കരണം അംഗീകരിച്ചിട്ടുണ്ട്.
ഇതിലെ വൈരുധ്യവും സര്‍ക്കാര്‍ ഉന്നയിക്കും.
Discussion about this post