ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈകാതെ തന്നെ കൂടിക്കാഴ്ച നടത്താന്‍ സാധ്യമെകുന്ന് പ്രതീക്ഷിക്കുന്നതായി ഗൂഗിളിന്റെ പുതിയ സിഇഒ സുന്ദര്‍ പിച്ചൈ. ഗൂഗിളിന്റെ തലപ്പത്ത് എത്തിയ സുന്ദര്‍ പിച്ചൈയെ ട്വിറ്ററിലൂടെ മോദി അഭിനന്ദനം അറിയിച്ചിരുന്നു. അതിനുള്ള മറുപടിയായായാണ് പിച്ചൈ മോദിയുമായി കൂടിക്കാഴ്ചക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. തന്റേയും ഗൂഗിളിന്റേയും പേരില്‍ പിച്ചൈ മോദിക്ക് നന്ദി അറിയിച്ചു.
സെപ്തംബറില്‍ സിലിക്കണ്‍ വാലി സന്ദര്‍ശിക്കുന്ന മോദി, പ്രമുഖ ടെക് കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ആ സമയത്ത് മോദിയുമായുള്ള കൂടിക്കാഴ്ചക്ക് സുന്ദര്‍ പിച്ചൈയ്ക്ക് സമയം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല, ആപ്പിള്‍ തലവന്‍ ടിം കുക്ക്, ഗൂഗിള്‍ മാപ്പ് ക്രിയേറ്റര്‍ ബ്രറ്റ് ടെയ്ലര്, ഗൂഗിള്‍ എക്സിക്യൂട്ടീവ് ചെയര്മാന് എറിക് ഷെമിഡിറ്റ് തുടങ്ങി നിരവധി പ്രമുഖര്‍ പിച്ചൈയ്ക്ക് അഭിനന്ദനം അറിയിച്ചു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വിഭാഗം തലവനായിരുന്ന പിച്ചൈ തമിഴ്നാട് ചെന്നൈ സ്വദേശിയാണ്. പിച്ചൈ 2004 നാണ് ഗൂഗിളില്‍ ചേരുന്നത്.
Discussion about this post