തങ്ങളുടെ 16 എം.എൽ.എമാരെയും ബിജെപി തട്ടിക്കൊണ്ടു പോയിരിക്കുന്നുവെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ സുപ്രീം കോടതിയിൽ ഹർജി ബോധിപ്പിച്ചു.ഇവരെ വിട്ടുതരാൻ കോടതി ഇടപെടണമെന്നും കോൺഗ്രസ് നേതാക്കൾ ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇതേ ദിവസം തന്നെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതി, മധ്യപ്രദേശ് മുഖ്യമന്ത്രി ആയ കമൽനാഥിനും സ്പീക്കർ എൻ.പി പ്രജാപതിയ്ക്കും നോട്ടീസ് നൽകിയത് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതോടെ തുടങ്ങിയതാണ് മധ്യപ്രദേശ് കോൺഗ്രസിന്റെ ശനിദശ.22 എം എൽ എമാർ കൂടി രാജി വെച്ചു പോയതോടെ ദുർബലമായ കോൺഗ്രസിനോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി, ഗവർണറെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
എന്നാൽ, എം എൽ.എമാരുടെ അസാന്നിധ്യത്തിൽ, ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് മധ്യപ്രദേശ് സർക്കാർ. നിയമസഭയിൽ ദുർബലമായതിനാൽ ഭൂരിപക്ഷം തെളിയിക്കുന്നത് ഒഴിവാക്കാനുള്ള കോൺഗ്രസിന്റെ അവസാന ശ്രമമാണ് ഇതെന്നാണ് ബിജെപി ആരോപിക്കുന്നത്.








