ഡല്‍ഹി: കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കുന്നതായി അറിയിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കുമെന്നും ഡിജിസിഎ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുമ്പ് ലാന്‍ഡ് ചെയ്തിരിക്കണമെന്നും ഡിജിസിഎ കര്‍ശന നിര്‍ദേശം നല്‍കി.
വിമാനങ്ങള്‍ ചൊവ്വാഴ്ച രാത്രി 11. 59 നു മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ആഭ്യന്തര വിമാന സര്‍വീസും റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബിഹാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരും കേന്ദ്രത്തിന് കത്ത് നല്‍കിയികുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി.
കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ വിദേശത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നേരത്തേ നിര്‍ത്തിവച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണം വരുന്നത്.
Discussion about this post