കൊൽക്കത്ത: ലോക്ക് ഡൗണിനിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാർജ്ജിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലായിരുന്നു സംഭവം. മുപ്പത്തിരണ്ട് വയസ്സുകാരനായ ലാൽ സ്വാമിയാണ് മരിച്ചത്. ഇയാൾ പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. തെരുവിൽ കൂടി നിന്ന ആൾക്കൂട്ടത്തിന് നേർക്ക് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുന്നതിനിടെ ലാൽ സ്വാമി അബദ്ധത്തിൽ സംഘർഷത്തിനിടയിൽ അകപ്പെട്ട് പോവുകയായിരുന്നു.
സംഘർഷത്തിനിടെ ലാൽ സ്വാമിയെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ലാൽ സ്വാമിയുടെ ശരീരത്തിൽ മർദ്ദനം ഏറ്റതിന്റെ നിരവധി പരിക്കുകൾ ഉണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു. എന്നാൽ പൊലീസ് ആരോപണം നിഷേധിക്കുകയാണ്. ലാൽ സ്വാമി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് പൊലീസ് ഭാഷ്യം.
അതേസമയം പശ്ചിമ ബംഗാളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തായി. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post