ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട കോൺഗ്രസ് നേതാവിനെ രണ്ടാമത്തെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവ്.ചെറുതോണിയിലെ കോൺഗ്രസ് നേതാവിനാണ് ഞായറാഴ്ച രണ്ടാമത്തെ പരിശോധനാഫലം വന്നപ്പോൾ രോഗമില്ലെന്ന് കണ്ടത്. മൂന്നാമത്തെ പരിശോധനയ്ക്ക് വേണ്ടി ഞായറാഴ്ച വൈകീട്ട് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ വരുന്ന മൂന്നാമത്തെ പരിശോധനാ ഫലത്തിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള നടപടികൾ. കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതാവായ ഉസ്മാൻ, സംസ്ഥാനത്തെ രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഒപ്പം മന്ത്രിമാരെയും എം.എൽ.എമാരെയും വകുപ്പ് സെക്രട്ടറിമാരെയുമൊക്കെ കാണാൻ പോയിരുന്നു. നിയമസഭാ ഹോസ്റ്റലിലും നിയമസഭാ മന്ദിരത്തിലും സന്ദർശനം നടത്തിയതായും റിപ്പോർട്ട് നൽകിയിട്ടുണ്ട്.ഒരു ഡസനിലധികം സംഘടനകളുടെ നേതാവായ ഇദ്ദേഹം, കേരളത്തിനകത്തും പുറത്തും നിരവധി യാത്രകൾ നടത്തുന്ന ആളാണ്.












