ദിസ്പൂര്‍: അസമിലെ കോക്രജാര്‍ ജില്ലയില്‍ റയില്‍വേ അട്ടിമറിക്കുള്ള ഭീകരരുടെ ശ്രമത്തെ സൈന്യവും പോലീസും ചേര്‍ന്ന് തകര്‍ത്തു. സൈന്യത്തിനെതിരെ ഭീകരര്‍ വെടിവയ്പ്പു നടത്തി. തിരിച്ചടിച്ച സൈന്യത്തിന്റെ വെടിയേറ്റ് ഒരു ഭീകരന് മരിച്ചു. റയില്‍വേ ട്രാക്ക് തകര്‍ത്തു കൊണ്ടുള്ള അട്ടിമറിക്കാണ് കാംടപൂര്‍ ലിബറേഷന്‍ ആര്‍മി (കെഎല്‍ഒ) ശ്രമിച്ചത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സൈന്യവും അസം പൊലീസും ചേര്‍ന്നു നടത്തിയ നീക്കത്തിലൂടെ തകര്‍ക്കുകയായിരുന്നു.
റയില്‍വേ ട്രാക്കില്‍ ബോംബ് സ്ഥാപിക്കുന്നതിനായിരുന്നു കെഎല്ഒയുടെ ശ്രമം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അട്ടിമറി ശ്രമങ്ങളുണ്ടാക്കാനുള്ള മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. 7.65 എംഎം പിസ്റ്റള്‍, ബുള്ളറ്റുകള്‍, രണ്ടു ഗ്രനേഡുകള്‍, ഏഴു കിലോഗ്രാമിന്റെ ഒരു ഐഇഡി തുടങ്ങിയവ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post