ഡൽഹിയിലെ നിസാമുദീൻ മർകസിലെ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരിൽ വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു.ആസാമിലെ നാലു പേർക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്.ഇതോടെ ആസാമിലെ കോവിഡ് ബാധിച്ച രോഗികളുടെ എണ്ണം അഞ്ചായി.
ഇന്ന് ഉച്ചതിരിഞ്ഞാണ് ഗുവാഹട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാലുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്.ആസാം ആരോഗ്യവകുപ്പ് മന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം മാധ്യമങ്ങളോട് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.ജോർഹത് മെഡിക്കൽ കോളേജിൽ അഞ്ചു പേർക്ക് ആദ്യ പരിശോധനയിൽ കോവിഡ് ബാധയുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.ഡൽഹിയിലെ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരോടെല്ലാം സ്വമേധയാ വന്നു ചികിത്സയ്ക്ക് ഹാജരാകാൻ മന്ത്രി ഇന്നലെ തന്നെ അഭ്യർത്ഥിച്ചിരുന്നു.ഏതാണ്ട് നാനൂറു പേരാണ് ആസാമിൽ നിന്നും നിസാമുദീൻ മർകസിലെ സമ്മേളനത്തിൽ പങ്കെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.









