ശ്രീനഗർ: കശ്മീർ താഴ്വരയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഏറ്റുമുട്ടലുകളിൽ 9 ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ സൈനികർ ചികിത്സയിലാണ്.
കേരാൻ മേഖലയിൽ നിയന്ത്രണ രേഖക്ക് സമീപമാണ് അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചത്. നാല് പേരെ ദക്ഷിണ കശ്മീരിലെ ബാത്പുരയിൽ വെച്ചും സൈന്യം വകവരുത്തി. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരാണ് കേരാനിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായും പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുള്ളതായും സൈന്യം വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിലെ കുൽഗാമിൽ ഇന്നലെ ആയുധധാരികളായ ഭീകരർ സൈന്യത്തിന് നേർക്ക് നിറയൊഴിച്ചിരുന്നു. ദംഹലിൽ നിന്നെത്തിയ ഈ നാല് ഭീകരരെയും സൈന്യം ഉടൻ തന്നെ വധിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച കുൽഗാമിൽ ഒരു ഗ്രാമീണനെ കൊലപ്പെടുത്തിയ ഭീകരരാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കശ്മീരിൽ നിരന്തരം ഭീകരർ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നിശിതമായി വിമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാനും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് നിർത്താനും ഇന്ത്യ പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെട്ടു.
Discussion about this post