തിരുവനന്തപുരം: ഡൽഹി തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആരെങ്കിലും ഇനിയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത ആണ് ഇക്കാര്യം അറിയിച്ചത്.
സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ പല സംസ്ഥാനങ്ങളിലും ഉണ്ടെന്നും ഇവരാരും ഇതുവരെ അധികൃതരെ വിവരം അറിയിച്ചിട്ടില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരും നിലപാട് കടുപ്പിച്ചത്.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷവും റിപ്പോര്‍ട്ട് ചെയ്യാതെ കഴിയുന്നവരെ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്.
വിവരം അറിയിക്കാന്‍ സ്വയം തയ്യാറായില്ലെങ്കില്‍ അത് ഗൗരവത്തോടെ കാണും. വിവരം മറച്ചു വയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കേരളത്തിലിനിയും ഉണ്ടോയെന്ന് കണ്ടെത്താന്‍ ആവശ്യമായി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷം ഡൽഹിയിലെ നിസാമുദ്ദീന്‍ കൊറോണ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ വിവരം പുറത്തു പറയാതെ കഴിയുന്നവര്‍ രോഗവ്യാപനത്തിന് കാരണമാവുകയും കൊറോണ പിടിച്ചു നിര്‍ത്താനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം വിഫലമാവുകയും ചെയ്യുന്നുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
Discussion about this post