വിഴിഞ്ഞം പദ്ധതിക്ക് എതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കാണാന്‍ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി എത്തി. വിഎസ് അച്യുതാനന്ദന്റെ കണ്ടോണ്മെന്റ്
വസതിയിലെത്തിയാണ് അദാനി കൂടിക്കാഴ്ച നടത്തിയത്. വി.എസുമായി നടന്നത് ഔപചാരിക കൂടിക്കാഴ്ച മാത്രമാണെന്ന് ഗൗതം അദാനി പറഞ്ഞു.
അദാനിക്കൊപ്പം വിവാദ ദല്ലാളായ ടി ജി നന്ദകുമാറും ചര്‍ച്ചയ്ക്കെത്തിയിരുന്നു. അദാനിയുടെ സുഹൃത്ത് എന്ന നിലയിലാണ് വിഎസുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്ന് ടി ജി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുമായി പ്രതിപക്ഷം സഹകരിക്കില്ലെന്ന് അദാനിയെ അറിയിച്ചെന്ന് വി.എസ് പറഞ്ഞു.
സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി അദാനിക്ക് തീറെഴുതി എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലിന്റെ അവസ്ഥയാകും വിഴിഞ്ഞത്തിനും ഉണ്ടാകാന്‍ പോകുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം അദാനിക്ക് വേണ്ടി കരാര്‍ വ്യവസ്ഥകള്‍ മുഴുവന്‍ മാറ്റിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പദ്ധതി നടത്തിപ്പിന്റെ കാലാവധി 60 വര്‍ഷമാക്കി മാറ്റം വരുത്തി അദാനിക്ക് നല്‍കിയത് എന്തിനാണെന്നും, പദ്ധതി പ്രദേശത്തെ 160 ഏക്കര്‍ സ്ഥലം ഫല്‍റ്റ് സമുച്ചയവും, മാളുകളും മറ്റും നിര്‍മ്മിക്കാന്‍ അദാനിക്ക് വിട്ടുകൊടുത്തതിന് പിന്നില്‍ ആരുടെ താത്പര്യമാണെന്നും പ്രതിപക്ഷം ആരായുന്നു. വിഴിഞ്ഞത്തു വരുന്ന കണ്ടെയ്നറുകള്‍ക്കും കപ്പലുകള്‍ക്കും നിരക്ക് നിശ്ചിയിക്കുവാനും അവ ഈടാക്കാനുമുള്ള അധികാരം അദാനിക്ക് നല്‍കിയത് എന്തിനാണെന്നുള്ള സംശയവും പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിനുണ്ട്.
എന്നാല്‍ വിഴിഞ്ഞം പദ്ധതിയില്‍ പണം ഒരു തടസ്സമാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിനെക്കുറിച്ചുള്ള അശങ്ക പരിഹരിക്കാന്‍ ബുധനാഴ്ച വീണ്ടും ചര്‍ച്ചചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
നാലു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാറെങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അദാനി പോര്‍ട്സ് അധികൃതരുടെ പ്രതീക്ഷ. വിഴിഞ്ഞം തുറമുഖ നിര്‍മാണം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആരംഭിക്കും.
Discussion about this post