അഗർത്തല: തീവ്രമായ കൊടുങ്കാറ്റിലും ആലിപ്പഴ വീഴ്ചയിലും പെട്ട് ത്രിപുരയിൽ 5500-ൽ അധികം വീടുകൾ തകർന്നു.കഴിഞ്ഞ ചൊവ്വാഴ്ച, സെപഹജല, ത്രിപുര,ഖൊവായ് എന്നീ ജില്ലകളിൽ ആലിപ്പഴ വർഷം ദുരിതം വിതച്ചതിനെ തുടർന്ന് ആയിരക്കണക്കിന് പേരാണ് ഭവനരഹിതരായത്.സെപഹ ജില്ലയിൽ മാത്രമായി 5000 ത്തോളം വീടുകളാണ് തകർന്നത്.1,170 ഓളം കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
പന്ത്രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഇതു വരെ തുറന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തിര സഹായമായി അയ്യായിരം രൂപ വീതം ഓരോ കുടുംബത്തിനും കൈമാറിയിട്ടുണ്ട്.ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.കോവിഡ് -19 നെതിരെയുള്ള പോരാട്ടത്തിലാണ് സർക്കാരിപ്പോൾ ഉള്ളതെങ്കിലും കൊടുങ്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് എല്ലാവിധ സഹായവുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു കൊടുക്കുകയും ചെയ്തു.








