ലഖ്നൗ: കൊവിഡ് 19 രോഗബാധ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ വിട്ടു വീഴ്ചയില്ലാത്ത പ്രതിരോധ നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ. ജൂൺ 30 വരെ സംസ്ഥാനത്ത് ആളുകൾ ഒത്തു കൂടുന്ന ഒരു പൊതുപരിപാടികളും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ വിവിധ സർക്കാർ സമിതികളുടെ തലവന്മാരുമായി നടത്തിയ ചർച്ചയിലായിരുന്നു യോഗി നിലപാട് വ്യക്തമാക്കിയത്. സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് മാത്രമേ സംസ്ഥാനത്ത് ഇളവുകൾ നൽകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഉത്തർ പ്രദേശിൽ 1621 പേർക്കാണ് കൊവിഡ് 19 ബാധിച്ചത്. ഇതിൽ 247 പേർക്ക് രോഗം ഭേദമായപ്പോൾ 25 പേർ മരിച്ചു. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ഒന്നായ ഉത്തർ പ്രദേശ്, കൊവിഡ് രോഗബാധയ്ക്കെതിരെ നടത്തുന്ന മികവുറ്റ പോരാട്ടത്തെ കേന്ദ്ര മന്ത്രിസഭയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു.
Leave a Comment