കൊച്ചി:കോവിഡ് ബാധിച്ച നേഴ്സുമാരെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചു കൊണ്ടു വരാൻ കേരള ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഫയൽ ചെയ്‌ത ഹർജിയുടെ വാദം കേൾക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കാര്യത്തിന്റെ ഗൗരവം പരിഗണനയിലെടുത്ത് ഡൽഹിയിലും വെസ്റ്റ് ബംഗാളിലും മഹാരാഷ്ട്രയിലുമുള്ള നേഴ്സുമാരെ എത്രയും പെട്ടെന്ന് തന്നെ തിരികെ കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ടി.ആർ രവിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ വാദം കേട്ടത്.
വളരെ അപകടപരമായ സാഹചര്യത്തിലാണ് നേഴ്സുമാർ പ്രവർത്തിക്കുന്നതെങ്കിലും അവർക്ക് ടെസ്റ്റുകളൊന്നും നിർദ്ദേശിക്കാറില്ലെന്നും അസുഖം ബാധിച്ചാലും അവർ ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണെന്നും ഹർജിയിൽ പറയുന്നു.കേരള മുഖ്യമന്ത്രിയായ പിണറായി വിജയനോട് ഇക്കാര്യങ്ങൾ സൂചിപ്പിച്ചെങ്കിലും അദ്ദേഹം നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.അതിനാലാണ് കോടതിയെ സമീപിച്ചതെന്ന് നഴ്സസ് അസോസിയേഷൻ കോടതിയെ ബോധിപ്പിച്ചു.
Discussion about this post