ന്യൂയോര്‍ക്ക്: ലോക്ക്ഡൗണ്‍ മൂലം വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കേണ്ട വാക്‌സിനേഷൻ തടസപ്പെട്ടത് വലിയ ഭീഷണിയാണെന്ന് യൂണിസെഫ്. മീസില്‍സ്, ഡിഫ്തീരിയ, പോളിയോ തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കാനുളള വാക്‌സിനേഷനാണ് നിലവിലെ പ്രതിസന്ധിയില്‍ നിലച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ തടസപ്പെട്ടത് മൂലം കോടിക്കണക്കിന് കുട്ടികളുടെ ജീവന്‍ തുലാസിലായെന്നാണ് യുണിസെഫിന്റെ മുന്നറിയിപ്പ്.
18.2 കോടി കുട്ടികള്‍ക്ക് 2010-നും 2018-നും ഇടയ്ക്ക് മീസില്‍സ് പ്രതിരോധത്തിനുള്ള ഒന്നാം ഘട്ട വാക്‌സിന്‍ ഡോസ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന്‍ ലഭിച്ച കുട്ടികളുടെ എണ്ണം ആഗോളതലത്തില്‍ തന്നെ 86 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കുറഞ്ഞത് 95 ശതമാനം കുട്ടികള്‍ക്കെങ്കിലും മീസില്‍സ് വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ ഈ രോഗം എവിടെയെങ്കിലും പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഒരു വയസുവരെയുള്ള രണ്ടു കോടിയോളം കുട്ടികള്‍ക്ക് കൊറോണ പ്രതിസന്ധിക്ക് മുമ്പുവരെ പ്രതിവര്‍ഷം പോളിയോ, മീസില്‍സ് വാക്‌സിനുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് നിലച്ചിരിക്കുകയാണ്. 2018-ന് ശേഷം ഒരു വയസിന് താഴെയുള്ള 1.3 കോടിയോളം കുട്ടികള്‍ക്ക് ഒരു വാക്‌സിനും ലഭിച്ചിട്ടുമില്ല.
Discussion about this post