ഡൽഹി: കൊവിഡിനെതിരായ പോരാട്ടം ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെയും ധീരതയുടെയും പ്രതീകമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട് സ്വയം വിജയം വരിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും അതിന് പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും. അത് അക്ഷരാർത്ഥത്തിൽ ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് കൊറോണ കാലത്തെ ഇന്ത്യയുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് എന്തും ഇറക്കുമതി ചെയ്തിരുന്ന അവസ്ഥയിൽ നിന്നും ഇന്ന് സ്വയം ഉദ്പാദിപ്പിക്കാനും അവ കയറ്റുമതി ചെയ്യാനും പര്യാപ്തമായ അവസ്ഥയിലേക്ക് രാജ്യം എത്തി. ഇത് ‘മേക്ക് ഇൻ ഇന്ത്യ‘ പോലെയുള്ള പദ്ധതികളുടെ വിജയമാണ്. മേക്ക് ഇൻ ഇന്ത്യയുടെ പ്രഭാവം വരും കാലങ്ങളിൽ രാജ്യത്തിനും ലോകത്തിനും കൂടുതൽ ബോദ്ധ്യപ്പെടും. അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്ത്രജ്ഞരും ഗവേഷകരും നവീനമായ പദ്ധതികളുമായി മുന്നോട്ട് വരികയാണ്. ഔഷധ വിപണ മേഖലയിലും ആയുധ നിർമ്മാണ രംഗത്തും ഇന്ത്യ ഇന്ന് ഒരേ പോലെ ശോഭിക്കുന്നു. നമ്മുടെ ഗവേഷകരിലും വ്യവസായികളിലും പുത്തൻ പ്രതീക്ഷകൾ പകരാൻ നമുക്ക് സാധിച്ചിരിക്കുകയാണ്. ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി.
ഇന്ന് നാം നമ്മുടെ സ്വന്തം തോക്കുകൾ ഉപയോഗിക്കുന്നു. നമ്മുടെ ആയുധ നിർമ്മാണ ശാലകളിൽ നമുക്ക് ആവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നാം സ്വയം നിർമ്മിക്കുന്നു. വ്യോമസേനയ്ക്ക് ആവശ്യമായ 83 ലഘു യുദ്ധവിമാനങ്ങളുടെ നിർമ്മാണം ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്കൽസ് ലിമിറ്റഡിൽ പുരോഗമിക്കുകയാണ്. ഇത് മാറ്റമല്ലെങ്കിൽ പിന്നെ എന്താണെന്നും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ചോദിക്കുന്നു.








