ന്യൂഡൽഹി : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കി കൊണ്ട് വരാൻ നടപടികൾ സ്വീകരിക്കുന്നു. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒട്ടേറെ പ്രവാസികളാണ് നാട്ടിലെത്താൻ കഴിയാതെ വിദേശത്ത് കുടുങ്ങി കിടക്കുന്നത്.ഇതിനായി നോർക്കാ റൂട്ട്സ് ഉടനെ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഗർഭിണികൾ, ദുരിതമനുഭവിക്കുന്നവർ,വിസിറ്റിംഗ് വിസയിൽ പോയവർ, വിദ്യാർത്ഥികൾ, മത്സ്യതൊഴിലാളികൾ എന്നിവർക്കായിരിക്കും മുൻഗണന.കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതേ തുടർന്ന് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ പീരിയഡ് കഴിഞ്ഞതിന് ശേഷം മാത്രമേ അവരെ വീടുകളിലേക്ക് എത്തിക്കുകയുള്ളൂ.ഇവരെ ചികിത്സിക്കുന്നതിനും ക്വാറന്റൈൻ ചെയ്യുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കി കഴിഞ്ഞൂവെന്ന് നോർക്കാ റൂട്ട്സ് വ്യക്തമാക്കുന്നു.ആറായിരം വീടുകളാണ് എറണാകുളം ജില്ലയിൽ മാത്രം ക്വാറന്റൈനായി സജ്ജമാക്കിയിട്ടുള്ളത്.രാജ്യാന്തര സർവീസുകൾ കൂടുതലും കൊച്ചിയിൽ നിന്നായത് കൊണ്ടാണ് ജില്ലയിലെ ഒരുക്കങ്ങൾ വേഗത്തിലാക്കിയതെന്ന് മന്ത്രി എസ്. സുനിൽ കുമാർ സൂചിപ്പിച്ചു.
സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളറിയാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വീഡിയോ കോൺഫറൻസിലൂടെ ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെട്ടിരുന്നു.
Discussion about this post