മുംബൈ: കുറഞ്ഞ ചെലവിൽ കൊവിഡ് വാക്സിനുമായി ഇന്ത്യൻ കമ്പനി. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് എന്ന കമ്പനിയാണ് വാക്സിൻ ഗവേഷണ രംഗത്തെ നിർണ്ണായകമായ പുരോഗതി വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. ഗവേഷണങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും പരീക്ഷണം വിജയകരമായാൽ സെപ്റ്റംബറോടെ വാക്സിൻ ഉപയോഗിച്ചു തുടങ്ങാമെന്നും കമ്പനി വ്യക്തമാക്കി.
മെയ് മാസത്തോട് കൂടി പരീക്ഷണങ്ങളുടെ നിർണ്ണായക ഘട്ടങ്ങൾ അവസാനിക്കും. അന്തിമ പരീക്ഷണവും വിജയമായാൽ തുച്ഛമായ തുകയ്ക്ക് വാക്സിൻ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലായി ജനങ്ങളിലേക്ക് എത്തുമെന്ന് കമ്പനി അറിയിച്ചു. വിവിധ രോഗ പ്രതിരോധ വാക്സിനുകൾ മറ്റ് രാജ്യങ്ങളിലേക്കാൾ കുറഞ്ഞ ചിലവിലാണ് ഇന്ത്യയിലെ ജനങ്ങൾക്ക് ലഭ്യമാകുന്നതെന്നും ഇതാണ് ആരോഗ്യ രംഗത്തെ ഇന്ത്യയുടെ കുതിപ്പിന് കാരണമെന്നും കമ്പനി അഭിപ്രായപ്പെട്ടു.
ക്ലിനിക്കൽ പരീക്ഷണമാണ് ഇനിയുള്ള ഘട്ടങ്ങളിൽ അതീവ പ്രാധാന്യമുള്ളത് . അത് വിജയകരമായിരിക്കുമെന്നാണ് കമ്പനിയുടെ ഗവേഷണ വിഭാഗം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നത്. വാക്സിൻ ഉപയോഗ യോഗ്യമായാൽ കേന്ദ്ര സർക്കാരിന്റെ മികച്ച പിന്തുണ പ്രതീക്ഷിക്കുന്നതായി കമ്പനി വക്താക്കൾ വ്യക്തമാക്കുന്നു.









