ഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റ ഭാഗമായുള്ള ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നിനുശേഷം രാജ്യത്തെ അടച്ചുപൂട്ടലില്‍ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചേക്കും. റെഡ്സോണുകള്‍ അടച്ചിടും. തീവ്രവ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ വ്യാപാര, വാണിജ്യ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കും. ഉപാധികളോടെ സ്വകാര്യവാഹനങ്ങള്‍ക്ക് ഓടാം. ട്രെയിന്‍, വിമാനം അടക്കം പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല.
സ്കൂളുകളും കോളേജുകളും അടച്ചിടുന്നത് തുടരും. ആരാധനാലയങ്ങളില്‍ പൊതുചടങ്ങ് അനുവദിക്കില്ല. രോഗവ്യാപനം കുറവുള്ള ഓറഞ്ച്, പച്ച മേഖലകളിലാണ് വ്യാപാര, വാണിജ്യ പ്രവര്‍ത്തനം അനുവദിക്കുക. ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളുടെ വേര്‍തിരിക്കല്‍ കൃത്യമായ മാനദണ്ഡപ്രകാരമായിരിക്കും.
അതേസമയം കര്‍ശന നിയന്ത്രണം ഇല്ലാത്ത ജില്ലകള്‍ക്കുള്ളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൊതു ഗതാഗതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ജില്ലകള്‍ കടന്നുള്ള യാത്രയ്ക്ക് തല്ക്കാലം അനുമതി നല്‍കില്ല. അന്തര്‍ സംസ്ഥാന യാത്രകളും അനുവദിക്കില്ല. കര്‍ശന നിയന്ത്രണങ്ങളോടെയുള്ള ഭാഗിക ഇളവുകള്‍ നല്കിയാല് മതിയെന്നാണ് കേരളം മുന്നോട്ടുവെക്കുന്ന നിര്‍ദേശം.
മെയ് 15 വരെ ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തേക്ക് യാത്ര നിയന്ത്രിക്കണം. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ പോസിറ്റീവ് കേസുകല്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടമൊഴിവാക്കുന്ന കരുതലോടെ അടച്ചിടല്‍ പിന്‍വലിക്കാമെന്നും കേരളം നിര്‍ദേശിച്ചിട്ടുണ്ട്. അടച്ചിടല്‍ നീട്ടുന്നതില്‍ സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കുന്ന ദേശീയനയമാണ് വേണ്ടതെന്നും കേരളം ആവശ്യപ്പെട്ടു.
ദേശീയ തലത്തില്‍ അടച്ചുപൂട്ടല്‍ ഒരു മാസംകൂടി തുടരണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഒഡിഷ, മേഘാലയ, ഗോവ സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.
Discussion about this post