തിംബു: കൊവിഡ് രോഗബാധ വ്യാപകമായിരിക്കുന്ന സന്ദർഭത്തിൽ മരുന്നും മറ്റ് അവശ്യവസ്തുക്കളും നൽകി സഹായിച്ച ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചു ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ ഷെറിംഗ്. ഹൈഡ്രോക്സീ ക്ലോറോക്വിൻ അടക്കമുള്ള മരുന്നുകളും ആവശ്യമായ പിന്തുണയും നൽകിയ ഇന്ത്യയുടെ നടപടി ആത്മാർത്ഥ സൗഹൃദത്തിന്റെ സത്യസന്ധമായ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനത്തിന്റെ ഈ നാളുകളിൽ ഇന്ത്യ പ്രകടമാക്കുന്ന കരുതൽ അവിസ്മരണീയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി വ്യക്തമാക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും വാക്കു പാലിക്കുന്ന ഇന്ത്യയുടെ പാരമ്പര്യമാണ് ഈ നടപടിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്നും ഷെറിംഗ് അഭിപ്രായപ്പെട്ടു.
കൊറോണക്കെതിരായ ചികിത്സയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയ ഹൈഡ്രോക്സീ ക്ളോറോക്വിൻ അടക്കമുള്ള മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ‘സാർക്ക് കൊവിഡ് എമർജൻസി ഫണ്ടിന്റെ‘ ഭാഗമായാണ് ഇന്ത്യ ഭൂട്ടാന് കൈമാറിയത്. ഹൈഡ്രോക്സീ ക്ലോറോക്വിന് പുറമെ, ഗോഗ്ഗിൾസ്, പാരസിറ്റാമോൾ ഗുളികകൾ, മുഖാവരണങ്ങൾ എന്നിവയും ഇന്ത്യൻ ഭൂട്ടാന് നൽകിയിരുന്നു. സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും ഭൂട്ടാന് കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 16ന് പ്രഖ്യാപിച്ചിരുന്നു.
മാർച്ച് 15ന് വീഡിയോ കോൺഫറൻസ് വഴി സാർക്ക് രാഷ്ട്രത്തലവന്മാരുമായി നടത്തിയ ചർച്ചയിലാണ് ‘സാർക്ക് കൊവിഡ് 19 എമർജൻസി ഫണ്ട്‘ എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചത്. ഇതിലേക്കായി പത്ത് ദശലഷം യു എസ് ഡോളറും ഇന്ത്യ മാറ്റിവെച്ചിരുന്നു.










Discussion about this post