നിലവിലുള്ള സിനിമാ ശീലങ്ങളെ മാറ്റിയെഴുതി വിവാദ തരംഗമുണ്ടാക്കിയ സന്തോഷ് പണ്ഡിറ്റിനെ, കിസ് ഓഫ് ലൗവ് സോഷ്യല്‍ മീഡിയ തരംഗത്തിന്റെ ഉപജ്ഞാതാവ് രാഹുല്‍ പശുപാലനോടുപമിക്കുന്നതിലെ സാംഗത്യം കണ്ട് മുഖം ചുളിക്കുന്നവര്‍ മാത്രം ഈ ലേഖനം വായിക്കുക..രാഹുല്‍ പശുപാലനെ എതിര്ക്കുന്നവരോടല്ല അനുകൂലിക്കുന്നവരോടാണ് ചിലത് പറയാനുള്ളത്.
നിലവിലുള്ള സിനിമാ ശീലങ്ങളെ മാറ്റിയെഴുതിയ സന്തോഷ് പണ്ഡിറ്റ് എന്ന ക്ലീഷേയില്‍ നിന്ന് തുടങ്ങാം. സൂപ്പര്‍ സ്റ്റാറുകളുടെ താങ്ങും തലോടലും കൊണ്ട് വാര്‍ദ്ധക്യസഹജമായി മുടന്തിക്കൊണ്ടിരുന്ന മലയാള സിനിമയുടെ ഇന്നലെകള്‍ക്കും, ന്യൂ ജനറേഷന് വിപ്ലവത്തിനും
ഇടയിലാണ് സന്തോഷ് പണ്ഡിറ്റ് അവതരിക്കുന്നത്. നെഗറ്റീവ് അപ്പീയറന്‍സ് വച്ച് പ്രസിദ്ധി നേടിയ സന്തോഷ് പണ്ഡിറ്റ് മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായി മാറി. മലയാളത്തില്‍ ഒറ്റ സൂപ്പര്സ്റ്റാറെയുള്ളു അത് താനെന്ന് പറയുമ്പോള്‍ പോലും സന്തോഷ് പണ്ഡിറ്റ് ഇന്ന് ആര്‍ക്കും അനഭിമതനാകുന്നില്ല.
സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് എന്ത് ചെയ്തുവെന്നല്ല..സിനിമകളെ പണ്ഡിറ്റ് എങ്ങനെ മാര്‍ക്കറ്റ് ചെയ്തു എന്നതിലാണ് എല്ലാവരുടെയും നോട്ടം. നെഗറ്റീവ് ആത്മാംശങ്ങളെ പെരുപ്പിച്ച് കളിയാക്കലിലൂടെ കാഴ്ചക്കാരെയും പ്രശസ്തിയും നേടുന്ന തന്ത്രത്തെ പണ്ഡിറ്റ് തന്ത്രം എന്ന് വിളിക്കാം. കഴിഞ്ഞ ദിവസം തന്റെ വളര്‍ച്ചയില്‍ താനെങ്ങനെ ഈ തന്ത്രം ഫലവത്താക്കിയെന്ന് പല വേദികളിലും സന്തോഷ് പണ്ഡിറ്റ് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
സന്തോഷ് പണ്ഡിറ്റ് ഇന്നൊരു പ്രതിഭാസമല്ല..കൊഴിഞ്ഞ് വീണ ഒരടയാളം മാത്രമാണ്.
രാഹുല്‍ പശുപാലനിലേക്ക് വരാം…ഒരു സന്തോഷ് പണ്ഡിറ്റ് ചിത്രത്തിനേക്കാള്‍ സമൂഹം എതിര്‍ത്ത കിസ് ഓഫ് ലൗവിന്റെ അവതാരകനായാണ് പശുപാലന്റെ രംഗപ്രവേശം. സോഷ്യല്‍ മീഡിയകളെ രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കാം എന്ന ആലോചനയും, എളുപ്പത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനുള്ള സാധ്യതകളെ കുറിച്ചുള്ള ആരായലുമാണ് കിസ് ഓഫ് ലൗവ് എന്ന സോഷ്യല്‍ വിപ്ലവത്തിന് ബിജാവാപം നല്‍കിയത്. ആള്‍ക്കൂട്ടത്തില്‍ തുണിയഴിച്ചിടുന്നവര് ശ്രദ്ധിക്കപ്പെടും എന്നതിന്റെ മറ്റൊരു രൂപം ഇവിടെ പശുപാലന്റെ സമര രീതിയില്‍ പരുവപ്പെടുന്നു.
യുവമോര്‍ച്ച നേതൃത്വം പോലുമറിയാതെ ഒരു കൂട്ടം പേര് കോഴിക്കോട്ടെ ഒരു റെസ്റ്റോറന്റ് ചാനല്‍ വാര്‍ത്തയുടെ പേരില്‍ അടിച്ച് തകര്‍ത്തു എന്ന കേരളസമൂഹത്തില്‍ , യൂത്ത് കോണ്‍ഗ്രസും, ഡിവൈഎഫ്ഐയും, യുവമോര്‍ച്ചയും നടത്തി വന്നിരുന്ന സദാചാര പോലിസ് മുന്നേറ്റം സാഹചര്യമാക്കുകയായിരുന്നു പശുപാലനും സംഘവും. യുമോര്ച്ചയാകുമ്പോള് കേരളത്തില്‍ ഭൂരിപക്ഷ കക്ഷികള്‍ എതിര്‍ക്കുന്ന രാഷ്ട്രീയ പശ്ചാത്തലം കൂടി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്ലാവര്ക്കു മറിയാം. ഹിന്ദു ഫാസിസ്റ്റ് എന്ന പ്രയോഗം കേരളത്തിലെ മതേതര മതസമൂഹത്തിന് എത്രമേല്‍ പ്രിയപ്പെട്ടതാണ് എന്ന സാമൂഹ്യ സാഹചര്യവും പശുപാലന് വീണ് കിട്ടി..നഗ്നതാ പ്രദര്‍ശനം കടന്ന കയ്യാവുമെങ്കില് പിന്നെ ചുംബനമായാലോ….അരാജകവാദത്തിന്റെ വിളനിലവും, പുരോഗമന പൊള്ളത്തരവും ചൂഷണം ചെയ്താല്‍ സമരം തഴച്ച് വളരും…അങ്ങനെ നെഗറ്റീവ് അപ്പീയറന്‍സ് കൊണ്ട് അവതരിച്ച സന്തോഷ് പണ്ഡിറ്റ് മാതൃകയില്‍ ഏറെ വിമര്‍ശന സാധ്യതയുള്ള സമരരീതിയ്ക്ക് വഴിയൊരുങ്ങി. എതിര്‍ക്കുന്നവരെങ്കിലും തന്റെ സിനിമ കാണണ്ടിവരും എന്ന് പറഞ്ഞത് പോലെ കൂടെയുള്ളവരേക്കാള്‍ എതിര്‍ക്കുന്നവരുടെ ശക്തിയില്‍ പശുപാലന്റെ സമരരൂപം കത്തി കയറി. സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളെ മൗനമായി നേരിട്ട സൂപ്പര്‍താരങ്ങളെ പോലെ രാഷ്ട്രീയ സൂപ്പര്‍ സ്റ്റാറുകള്‍ കിസ് ഓഫ് ലൗവിന് നേര്‍ക്ക് മൗനം പാലിച്ചു. മൗനം ഭഞ്ജിച്ച പിണറായി സഖാവിനെ പോലുള്ളവര്‍ പുലി വാല് പിടിച്ചു.
ഭൂരിപക്ഷ സമൂഹം ഏറ്റെടുക്കാതിരുന്നിട്ടും..ഒരു സന്തോഷ് പണ്ഡിറ്റ് ചിത്രം പോലെ കിസ് ഓഫ് ലൗവ് സജീവ ചര്‍ച്ചയായി. സമരത്തിന്റെ സ്വാതന്ത്രപരപ്പും, വിശാലതയും പുരോഗമന സമൂഹത്തിന്റെ ചെറിയ പിന്തുണ കൂടി നേടിയതോടെ പശുപാലനും സംഘവും പിപ്ലവ നക്ഷത്രങ്ങളായി വാഴത്തപ്പെട്ടു. ഇവിടുന്നങ്ങോട്ട് രാഹുല്‍ പശുപാലന്റെയും സംഘത്തിന്റെയും ഫേസ്ബുക്ക് ഇടപെടലുകള്‍ പരിശോധിച്ചാല്‍ അതിലെ സന്തോഷ് പണ്ഡിറ്റ് യുക്തി പിടികിട്ടും.മാന്യമല്ലാത്ത ഭാഷ..തികച്ചും അസാംസ്ക്കാരികമായ ഇടപെടലുകള്‍…കാമ്പില്ലാത്ത പുറം വിമര്‍ശനങ്ങള്‍..ചൊറിച്ചിലുകള്‍, സാമാന്യ യുക്തികള്‍ക്ക് നിരക്കാത്ത വിശദീകരണങ്ങള്‍ അങ്ങനെ പോകുന്നു പശുപാലന്റെ ഫേസ്ബുക്ക് മുന്നേറ്റങ്ങള്‍.
ന്യൂ ഇയര്‍ ആഘോഷവേളയില്‍ സ്ത്രീകള്‍ മദ്യക്കുപ്പി പിടിച്ചിരുന്ന് ഫോട്ടോ എടുത്ത് ചിലരെ ചൊടിപ്പിച്ച് പശുപാലസംഘം നടത്തിയ വിപ്ലവത്തെ ഏത് ഭാഷയില്‍ വിവരിക്കും…പിന്‍ഭാഗം പൊന്തിച്ചു കാട്ടുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത് എന്ന് ചോദിക്കും പോലെ..മറ്റുള്ളവരുടെ കുരു പൊട്ടുന്നത് കണ്ട് സന്തോഷിക്കുകയും, ആ കുരുവില്‍ നിന്ന് വരുന്ന ഗന്ധം സാമൂഹ്യമാറ്റത്തിനായി ഉപയോഗിക്കുകയുമായിരുന്നുവെന്ന രീതിയിലുള്ള വിശദീകരണവും കേരളീയ സമൂഹത്തിന് പുതിയ ഈര്‍ജ്ജം പകര്ന്നുവോ.
ഇതിനിടയില്‍ ഏതോ ഒരു വനിതയ്ക്കെതിരെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി ഫേസ്ബുക്കിലൂടെ അപമാനിച്ചുവെന്ന കേസ് രാഹുല്‍ പശുപാലനെതിരെ പോലിസ് എടുത്തിരുന്നതും വാര്‍ത്തയായി…മാതാ അമൃതാനന്ദമയിയ്ക്ക് ഒസാമ ബിന്‍ലാദന്റെ വേഷ പകര്‍ച്ച നല്കുന്ന ചിത്രം പ്രൊഫൈലാക്കി അമൃതാനന്ദമയിയെ ബഹുമാനിക്കുന്നവരുടെ കുരുപൊട്ടിക്കുക(ഇതിനെതിരെ അമൃതാനന്ദമയി ഭക്തന് നല്കിയ കേസ് കോടതിയുടെ പരിഗണനയിലാണ്) കേസ് പ്രശ്നമല്ലെന്ന് കാണിച്ച് കിംഗ് കോംഗിന് തലപ്പാവും വച്ചുള്ള പോസ്റ്റ് പിറകെ ഇടുക..ഉമ്മനെ..മോദിയെ..മാണിയെ…തെറി പറയുക(ശ്രമദ്ധിക്കണം ഇടത്. ന്യൂനപക്ഷ..നേതാക്കളെ ഒഴിവാക്കുന്നുണ്ട്)
ഇതിനിടെ മാണി സാറിന്റെ രാജി, കൊച്ചി മേയറുടെ പരാതിയില്‍ ഓണ്‍ലൈന്‍ പത്രാധിപന്മാര്ക്കെതിരെ കേസെടുത്ത സംഭവം.. പെരുമാള്‍ മുരുഗന് എഴുത്ത് നിര്‍ത്തിയ സംഭംവം തുടങ്ങിയ വിഷയങ്ങളും പശുപാലന് ഫേസ്ബുക്ക് വിഷയമാക്കുന്നുണ്ട്…
ഈ പോസ്റ്റുകളെല്ലാം ഹിന്ദുസംഘടന വിരുദ്ധമാക്കാന്‍ പശുപാലന് കാണിക്കുന്ന ജാഗ്രതയാണ് ശ്രദ്ധേയമായ കാര്യം. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രതികരിച്ച വനിതയെ സഭ്യമല്ലാത്ത(സോറി…സഭ്യത ഓരോ വ്യക്തികള്‍ക്കും ഓരോ വിധത്തിലാണല്ലോ..) പല പ്രയോഗങ്ങളും സജീവ ചര്‍ച്ചയായി. സ്ത്രീകളെ ഇവളുമാരെന്നും മറ്റും വിളിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത പശുപാലന് പ്രതിനിധീകരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടുന്ന നെഗറ്റീവിനെ താലോലിക്കാനുള്ള വിഗ്രഹഭഞ്ജകരുടെ പിന്തുണയെ തന്നെയാണ്. സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പശുപാലന്മാര് ചെയ്യുന്നു എന്ന് മാത്രം.
പശുപാലനാകാന് നിങ്ങള്‍ പഠിക്കേണ്ടത് കുറച്ച് വിദ്യകള്‍ മാത്രം
കഞ്ചാവ് കുടംബസമേതം വലിക്കുന്നത് നല്ലതാണെന്ന് പോസ്റ്റിടുക…ചെറിയ കൂട്ടായ്മ അതിന്റെ പേരില്‍ സംഘടിപ്പിക്കുക.
കുറച്ചെങ്കിലും പേര് നിങ്ങളെ എതിര്‍ക്കും…
അപ്പോള്‍ നിങ്ങള്‍ എതിര്‍ക്കാന്‍ വേണ്ടിയാണ് ആ പോസ്റ്റിട്ടത്. ഈ ചര്‍ച്ചയുണ്ടാക്കുന്ന ഗുണമാണെന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കുക
കള്ള് കുടിച്ച് റോഡില്‍ കിടക്കുന്ന നിങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക
അരെങ്കിലും എതിര്‍ക്കുമെന്ന് ഉറപ്പാണ്.. അവരോട് ഈ എതിര്‍പ്പ് മദ്യാപനത്തിനെതിരെയുള്ള ഇടപെടലാണ് എന്ന് വീമ്പിളക്കുക
അഴിമതി, അക്രമം ..തുടങ്ങി എല്ലാ വിഷയങ്ങളിലും പോസ്റ്റിടുക…പറ്റുമെങ്കില്‍ എതിരാളികള്‍ക്കെതിരെ കട്ടത്തെറി..പ്രയോഗിക്കുക..
എതിര്ക്കാനാളുണ്ടാവുമ്പോള് ഫലമുള്ള മാവേലെ കല്ലെറുണ്ടാകു എന്ന് പറഞ്ഞ് ഞെളിയുക…
മോദിയെ തെറി പറയുക, ഹിന്ദു ദൈവങ്ങളെ ഇകഴ്ത്തുക, അതു വഴി ഇടത് ന്യുനപക്ഷങ്ങളെ കൂടെ നിര്‍ത്തുക…
ചുംബനസമരം വെടി തീര്‍ന്ന നിലയ്ക്ക് പരസ്യരതിയുള്പ്പടെ മറ്റ് മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുക..
ഒരു കാര്യം ശ്രദ്ധിക്കുക..മറ്റുള്ളവരുടെ കുരു പൊട്ടിക്കുന്നതിലായിരിക്കണം ശ്രദ്ധ…നമുക്ക് കുരുവേ ഉണ്ടാകരുത്…
ഫേസ്ബുക്കിലൂടെയും നേരിട്ടും കിട്ടുന്ന തന്തയ്ക്ക് വിളികള്‍ പൂച്ചെണ്ടുകളായി സ്വീകരിക്കാനുള്ള മനസ്സുണ്ടെങ്കില്‍
ഉറപ്പ് നിങ്ങള്‍ പശുപാല പണ്ഡിറ്റ് ആകുമെന്ന് ഉറപ്പ്..
ഈ എഴുത്തും, പശുപാലനുള്ള അംഗീകാരം മാത്രമാണ്..പൂച്ചെണ്ട്…എതിര്‍ക്കും തോറും വളരുന്ന സന്തോഷ പശുപാല പണ്ഡിതന്മാരുടെ അവതാരങ്ങള്‍ ഇനിയും വരും സോഷ്യല്‍ മീഡിയിയില്ലെങ്കില് മറ്റൊരു ഇടത്ത്.
(ബ്രേവ് ഇന്ത്യ ന്യൂസിന്റെ നിലപാട് എന്ന ഈ കോളത്തിലേക്ക് നിങ്ങള്‍ക്കും ലേഖനം അയക്കാം..പ്രസിദ്ധീകരണയോഗ്യമായവ പ്രസിദ്ധീകരിക്കുന്നതാണ്-എഡിറ്റര്‍)
അയക്കേണ്ട വിലാസം : Braveindianews@gmail.com
Discussion about this post