സാൻഗോദ്: മദ്യം കഴിച്ചാൽ തൊണ്ടയിലെ കൊറോണ വൈറസ് ചാകുമെന്ന് കോൺഗ്രസ്സ് എം എൽ എ. അതിനാൽ മദ്യശാലകൾ വേഗം തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്തയച്ചിരിക്കുകയാണ് രാജസ്ഥാനിലെ സാൻഗോദിൽ നിന്നുള്ള കോൺഗ്രസ്സ് എം എൽ എ ഭരത് സിംഗ് കുന്ദാൻപൂർ.
ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൊണ്ട് കൈ കഴുകിയാൽ കൈയ്യിലെ കൊറോണ വൈറസ് ചാകുമെങ്കിൽ മദ്യം കഴിച്ചാൽ തൊണ്ടയിലെ വൈറസും ചാകുമെന്നും ഇദ്ദേഹം നിരീക്ഷിക്കുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പന തകൃതിയായി നടക്കുന്നുണ്ടെന്നും ഗുണനിലവാരമില്ലാത്ത മദ്യം ജനങ്ങളിലേക്ക് എത്തുന്നതായി തനിക്ക് ബോദ്ധ്യപ്പെട്ടുവെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗൺ രാജ്യവ്യാപകമായി തുടരുകയാണ്. രാജസ്ഥാൻ സർക്കാരിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതേവരെ 2,617 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post