തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതിനാൽ ബിവറേജസുകള്‍ തുറക്കുന്നില്ലെന്ന് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ മദ്യശാലകള്‍ അടച്ചിടാനുള്ള തീരുമാനം താല്‍ക്കാലികം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ലോക്ക്ഡൗണിന് മുന്‍പ് തന്നെ മദ്യശാലകള്‍ തുറക്കുമെന്ന സൂചനകളാണ് മുഖ്യമന്ത്രി നല്‍കുന്നത്. മെയ് 17 വരെ മദ്യശാലകള്‍ അടിച്ചിടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അതിനെ പറ്റി വിഷമിക്കേണ്ട, അത് താല്ക്കാലികമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും ബിവറേജസുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് ഒരു വിഭാഗത്തിന് ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിവറേജസുകള്‍ തുറക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ഗ്രീന്‍ സോണുകളിലും ഹോട്സ്പോട്ടുകളൊഴികെയുള്ളിടങ്ങളില്‍ മദ്യശാലകള്‍ തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ബെവ്കോ മദ്യവില്‍പനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാന്‍ നേരത്തെ നിര്‍ദേശം ലഭിക്കുകയും ഇതനുസരിച്ച് സംസ്ഥാനത്തെ ബെവ്കോ ശാലകളില്‍ അണുനശീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യമല്ല എന്ന് ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു.
Discussion about this post