ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പങ്ക് വെച്ചതിന് കുവൈത്തിൽ മലയാളി യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി എടുക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ശോഭ കരന്തലജെ എം പി. മലയാളി യുവാവായ പ്രവീണിനെ ഒരു സംഘമാളുകൾ മർദ്ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർണ്ണാടകയിലെ ഉഡുപ്പി ചിക്കമംഗലൂർ എം പിയായ ശോഭ കരന്തലജെ അമിത് ഷായ്ക്ക് കത്തയച്ചിരിക്കുന്നത്.
ഏപ്രിൽ 28ന് കുവൈത്തിൽ വെച്ച് റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയാണ് പരാതിക്ക് ആധാരം. മലയാളം സംസാരിക്കുന്ന പത്തോളം പേർ പ്രവീണിന്റെ മുറിയിലേക്ക് ഇരച്ച് കയറി അസഭ്യം പറയുന്നതും ആക്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
അതേസമയം വിഷയത്തിൽ പ്രവീൺ നേരത്തെ തന്നെ കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന് പരാതി നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സാമൂഹിക മാദ്ധ്യമത്തിലൂടെ പങ്കു വെച്ചതിന് കാസർകോട് ചുള്ളിക്കര സ്വദേശി അസി, അഷ്കർ, ഹനീഫ്, ഷമ്നാദ് തുടങ്ങി പത്തോളം പേർ താൻ താമസിക്കുന്ന സ്ഥലത്തേക്ക് ഇരച്ചു കയറിയ കൈയ്യേറ്റം ചെയ്യുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. കൊല്ലം അഞ്ചൽ സ്വദേശി അനീഷും സുഹൃത്ത് ഷമ്നാദും ചേർന്ന് വീഡിയോ എഡിറ്റ് ചെയ്ത് തന്റെ പേരിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നും പ്രവീൺ പറഞ്ഞിരുന്നു.
സംഭവത്തിൽ സംസ്ഥാന ബിജെപി നേതൃത്വവും പ്രവീണിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ കർശന നടപടിയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post