ഇസ്ലാമാബാദ്: യു എ ഇയിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് പാകിസ്ഥാനിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഏപ്രിൽ 28ന് എത്തിഹാദ് എയർവേസ് വിമാനത്തിൽ അബുദാബിയിൽ നിന്നും ഇസ്ലാമാബാദിലെത്തിയ 209 പാക് പൗരന്മാരിൽ 105 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ റാവില്പിണ്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ വീടുകളിൽ ഐസൊലേഷന് വിട്ടു.
പ്രവാസികളെ നാട്ടിലെത്തിക്കുന്ന നടപടി നിലവിൽ പാകിസ്ഥാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെ ദുബായ്, ഷാർജ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഉൾപ്പെടെയുള്ള വിമാനങ്ങളിൽ പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയ 190 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമെയാണ് യു എ ഇയിൽ നിന്ന് മടങ്ങിയെത്തിയവരിലും രോഗം പടരുന്നത്.
അതേസമയം പാകിസ്ഥാനിൽ ഇതേവരെ 21,501 പേർക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 468 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ഇന്ന് മാത്രം 560 പുതിയ കേസുകളും 10 മരണങ്ങളുമാണ് പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തത്.










