തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് വന്നയാൾക്കാണ് രോഗം പിടിപെട്ടത്. ഇയാൾക്ക് വൃക്കരോഗമുണ്ട്. ഇന്ന് 10 പേർ രോഗമുക്തി നേടി. കണ്ണൂർ സ്വദേശികളാണ് രോഗമുക്തരായവർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
സംസ്ഥാനത്ത് നിലവിൽ ഇനി 16 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇനി 33 തീവ്രബാധിത പ്രദേശങ്ങളാണുള്ളത്.
സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 503 ആയി. 20157 പേരാണ് കൊറോണ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19810 പേര് വീടുകളിലും 347 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊറോണ ബാധയുടെ നൂറാം ദിനം ആണിന്ന്. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നും എത്തിയ വിദ്യാര്‍ഥിക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. ജനുവരി 30 ന് ആയിരുന്നു ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വിദ്യാര്‍ഥിയെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചതിനാല്‍ മറ്റൊരാള്‍ക്കും ഈ വിദ്യാര്‍ഥിയില്‍ നിന്നും കൊറോണ ബാധിച്ചില്ല.
Discussion about this post