ഔറംഗാബാദിൽ കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ കയറി മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ സംഘടന മഹാരാഷ്ട്ര സർക്കാരിന് നോട്ടീസ് അയച്ചു.വെള്ളിയാഴ്ചയാണ് 16 കുടിയേറ്റ തൊഴിലാളികൾ ഔറംഗബാദിനും ജൽനയ്ക്കുമിടയിൽ ചരക്ക് തീവണ്ടി കയറി മരണപ്പെട്ടത്. ഈ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ സംഘടന മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ നിരീക്ഷിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഘടന മഹാരാഷ്ട്രയുടെ സംസ്ഥാന സെക്രട്ടറിയോടും ജില്ലാ മജിസ്ട്രേറ്റിനോടും റിപ്പോർട്ടുകൾ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.നാലാഴ്ചക്കുള്ളിൽ സംഭവത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കാനാണ് നിർദ്ദേശം.
ഈ അപകടത്തിൽ പരിക്കേറ്റിട്ടുള്ള തൊഴിലാളികൾക്ക് നൽകുന്ന ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും അവർക്ക് നൽകുന്ന മറ്റ് സൗകര്യങ്ങളെക്കുറിച്ചും വ്യക്തമായ റിപ്പോർട്ടുകൾ സമർപ്പിക്കാനും മനുഷ്യാവകാശ സംഘടന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ സംഭവം പ്രഥമ ദൃഷ്ട്യാ ഒരു ട്രെയിൻ ആക്‌സിഡന്റ് ആയി തന്നെയാണ് പരിഗണിച്ചിരിക്കുന്നതെന്നും റെയിൽവേ ട്രാക്കിൽ തൊഴിലാളികൾ വിശ്രമിക്കുമെന്നത് ആരും പ്രതീക്ഷിക്കുകയില്ലായെന്നും അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന പറഞ്ഞു.
Discussion about this post