പ്രവാസികളെയും കൊണ്ടുള്ള നാവികസേനയുടെ ഐഎൻഎസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി.കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് മാലി ദ്വീപിൽ നിന്നും 698 യാത്രക്കാർ ഐഎൻഎസ് ജലാശ്വയിൽ കൊച്ചി തുറമുഖത്തണഞ്ഞത്.വെള്ളിയാഴ്ച രാത്രിയോടെയാണ് കപ്പൽ മാലദ്വീപിൽ നിന്നും കൊച്ചി തുറമുഖം ലക്ഷ്യമാക്കി പുറപ്പെട്ടത്.
യാത്രക്കാരിൽ 440 പേർ മലയാളികളാണ്.തീരത്തുനിന്നും ഹെലികോപ്റ്ററിന്റെയും പട്രോൾ ബോട്ടുകളുടെയും അകമ്പടിയോടെയാണ് നാവികസേന ജലാശ്വയെ പോർട്ടിലേക്ക് എത്തിച്ചത്.യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ പുറത്തിറക്കൂ. പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ നാവികസേന അയച്ച രണ്ട് കപ്പലുകളിൽ ഒന്നാമത്തേതാണ് ജലാശ്വ. മറ്റൊരു കപ്പലായ ഐഎൻഎസ് മഗർ മാലിദ്വീപിൽ ഉണ്ട്.












