ഡൽഹി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. നാളെ ഉച്ചയ്ക്ക് 3.00 മണിക്കായിരിക്കും വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള കൂടിക്കാഴ്ച.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും നിയന്ത്രണങ്ങളെ കുറിച്ചുമായിരിക്കും ചര്‍ച്ച. സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ഹോട്ട്സ്പോട്ടുകളില്‍ തുടരേണ്ടുന്ന നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തില്‍ ചർച്ച ചെയ്യുമെന്നാണ് സൂചന. കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയായിരിക്കും ഇത്.
ലോക്ക് ഡൗൺ അവസാനിക്കാനിരിക്കുന്ന മെയ് 17-ന് ശേഷം തുറക്കേണ്ട മേഖലകള്‍ സംബന്ധിച്ച ധാരണയുണ്ടാക്കുന്നതിന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ശനിയാഴ്ച രണ്ട് സുപ്രധാന യോഗങ്ങള്‍ വിളിച്ചു ചേർത്തിരുന്നു. കഴിഞ്ഞ ആഴ്ച കോവിഡ് കേസുകള്‍ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളെക്കുറിച്ചും രോഗവ്യാപനം കുറഞ്ഞ മേഖലകളിൽ വ്യവസായ ശാലകൾ തുറക്കുന്നത് സംബന്ധിച്ചുമായിരുന്നു ചർച്ചകൾ.
Discussion about this post