ഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സുഹൃദ് രാഷ്ട്രങ്ങൾക്ക് ആവശ്യമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കാൻ ഇന്ത്യൻ നാവികസേനയുടെ ‘മിഷൻ സാഗർ‘ പദ്ധതി. മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, മഡഗാസ്കർ എന്നിവിടങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി നാവികസേന കപ്പൽ ‘കേസരി‘ പുറപ്പെട്ടു. പ്രധാനമായും ഭക്ഷണ സാധനങ്ങളും ഹൈഡ്രോക്സീ ക്ലോറോക്വിൻ ഗുളികകളും ആയുർവേദ മരുന്നുകളുമാണ് ഇന്ത്യ എത്തിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ ഈ രാജ്യങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ മേഖലയിലെ നിർണ്ണായക സ്വാധീന ശക്തിയായി മാറുകയാണ് ഇന്ത്യ. മിഷന്റെ ഭാഗമായി മാലിദ്വീപിൽ ആദ്യമായി എത്തുന്ന കപ്പലിൽ കരുതിയിരിക്കുന്നത് 600 ടൺ ഭക്ഷ്യവസ്തുക്കളാണ്. ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളും പ്രതിരോധ സഹകരണവും മികച്ച രീതിയിൽ കാത്ത് സൂക്ഷിക്കുന്ന രാജ്യമാണ് മാലിദ്വീപ്.
മാലിദ്വീപിന് പുറമെ ശ്രീലങ്കക്കും മൗറീഷ്യസിനും സീഷെൽസിനും നേരത്തെ തന്നെ ഇന്ത്യ പ്രാഥമിക സഹായങ്ങൾ എത്തിച്ചിരുന്നു. മാലിദ്വീപ് സർക്കാരിന് നൽകുന്ന സഹായങ്ങൾ തുടരുന്നതിന്റെ ഭാഗമായി മെഡിക്കൽ സംഘത്തെയും ഇന്ത്യ അവിടേക്ക് അയച്ചിരുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ വകുപ്പിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സംയുക്ത മേൽനോട്ടത്തിലാണ് മിഷൻ സാഗർ ഇന്ത്യ നടപ്പിലാക്കുന്നത്.
Discussion about this post