ലോകാരോഗ്യ സംഘടന കോവിഡ് മഹാമാരിയെ കുറിച്ചുള്ള ആഗോള മുന്നറിയിപ്പ് വൈകിപ്പിച്ചത് ചൈനീസ് പ്രസിഡന്റ് ക്‌സി ജിൻ പിങ്ങിന്റെ നിർദ്ദേശപ്രകാരമെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വിട്ട് ജർമൻ മാധ്യമങ്ങൾ. ജർമൻ മാധ്യമമായ ഡെർ സ്പീഗലാണ് ശനിയാഴ്ച രാത്രിയോടെ ഈ ഒരു റിപ്പോർട്ട് പുറത്തു വിട്ടത്.
ജനുവരി 21ന് ലോകാരോഗ്യസംഘടനയുടെ ചീഫായ ടെഡ്രോസ് അദാനോം ഗബ്രിയിസസിനോട് ചൈനയുടെ പരമാധികാരിയായ ക്‌സി ജിൻ പിങ്ങ്, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് ലോകരാഷ്ട്രങ്ങൾക്കുള്ള മുന്നറിയിപ്പ് വൈകിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജർമൻ ഇന്റലിജൻസ് ഏജൻസിയായ ബി.എൻ.ഡി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടാണ് ഡെർ സ്പീഗൽ പുറത്തുവിട്ടത്. ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം നാലുമുതൽ ആറാഴ്ച വരെ ലോകം കോവിഡ് പ്രതിരോധ നടപടികളെടുക്കാൻ വൈകാൻ ഒരേയൊരു കാരണം ചൈനയാണ്.
ഈ വാർത്ത നിഷേധിച്ചു കൊണ്ട് പതിവു പോലെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അമേരിക്കയടക്കം, കോവിഡ് മഹാമാരിയിലുള്ള ലോകാരോഗ്യ സംഘടനയുടെ പങ്കിനെക്കുറിച്ച് സംശയമുണ്ടെന്ന് തുറന്നു പ്രസ്താവിച്ചിരുന്നത് ഇക്കാര്യത്തിൽ സംഘടനയുടെ പങ്കിനെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നു.








