കണ്ണൂര്‍: തൃശൂരിലെ ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി നിസാമിന് ജയിലിലും രാജകീയ ജീവിതമെന്ന് റിപ്പോര്‍ട്ട് ജയില്‍ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് നിസാമിന്റെ ജയില്‍ വാസമെന്ന വാര്‍ത്ത കേരള കൗമുദി പത്രമാണ് പുറത്ത് വിട്ടത്.
നിസാമിന് ജയിലില്‍ വലിയ സൗകര്യമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്-‘ഇരുപതിനായിരത്തിലേറെ വിലയുള്ള ആന്‍ഡ്രോയഡ് ഫോണാണ് നിസാം ജയിലില്‍ ഉപയോഗിക്കുന്നത്. ഭക്ഷണത്തിലും ആഢംബരമുണ്ട്. അയക്കൂറ ഫ്രൈയും കോഴി പൊരിച്ചതും ജയിലിനകത്തെ സെല്ലില്‍ പാചകം ചെയ്യുന്നു. ജയില്‍ കെട്ടിടത്തിലെ കഴുക്കോല് പൊത്തിലാണ് ഇയാളുടെ ഫോണ്‍ സൂക്ഷിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ ശൗചാലയത്തിനടുത്ത് ആരുടെയും ശ്രദ്ധയില്പെടാത്ത സ്ഥലത്താണ് ഫോണ്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങളായി കഴുക്കോലില്‍ കൃത്രിമമായി ഉണ്ടാക്കിയ പൊത്താണ് സൂക്ഷിപ്പ് കേന്ദ്രം. ടി.വി മുറിയില്‍ വച്ചാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്.
കോടികളുടെ ആസ്ഥിയുള്ള നിസാമിന്റെ സെല്ലിന്റെ തൊട്ടടുത്തായി താമസിക്കുന്ന കണിച്ചിക്കുളങ്ങര കേസിലെ പ്രധാന പ്രതി ഉണ്ണിക്കും ജയിലധികൃതര്‍ സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സൂചന ലഭിച്ചു. ഇലക്ട്രിക് ഹീറ്റര്‍ ഉപയോഗിച്ചാണ് രണ്ടു പേരും ഇഷ്ടാഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കുന്നത്. ജയില്‍ ജീവനക്കാരനായ മേസ്ത്രി മുഖേനയാണ് ആവശ്യത്തിനുള്ള സിഗരറ്റും കോഴിയിറച്ചിയും അയക്കൂറയും എത്തിക്കുന്നത്.
ഇതിനുള്ള പ്രത്യുപകാരമായി ചില ജയില്‍ ജീവനക്കാരുടെ ബന്ധുക്കളുടെയും ബിനാമികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകുന്നത് ലക്ഷക്കണക്കിന് രൂപയാണെന്നും അറിയുന്നു. രണ്ട് വര്‍ഷം മുമ്പ് തൃശൂരില്‍ നിന്ന് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ച ഒരു ജയില്‍ ജീവനക്കാരനാണ് നിസാമിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്. ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പാലക്കാട് സ്വദേശികളായ രണ്ടുപേരാണ് നിസാമിനും ഉണ്ണിക്കും വേണ്ടുന്ന സഹായങ്ങള്‍ പുറത്ത് ചെയ്ത് കൊടുക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇവര്‍ മുഖേനയാണ് ജയിലിനകത്ത് എത്തുന്നതെന്നും വിശ്വസനീയ കേന്ദ്രങ്ങളെ പരാമര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞദിവസം നിസാമിന് ബന്ധുക്കളോടൊപ്പം സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സഹായം ചെയ്തുകൊടുത്ത മൂന്ന് ജയില്‍ ജീവനക്കാരെ സസ്പെന്റ് ചെയ്തിരുന്നു. എന്നിട്ടും ഇയാളെ സഹായിക്കാന്‍ ചില ജയില്‍ ജീവനക്കാര്‍ മുന്നിലുണ്ട്. നിസാമിനും ഉണ്ണിക്കും ലഭിക്കുന്ന സുഖ സൗകര്യങ്ങള്‍ ജയിലിലെ മറ്റ് തടവുകാര്‍ക്കിടയില്‍ ശക്തമായ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post