ആഫ്രിക്കൻ പന്നിപ്പനി ഫീവർ ബാധിച്ച് ആസ്സാമിൽ ചത്തൊടുങ്ങിയത് ആയിരക്കണക്കിന് പന്നികൾ. ആസാമിലെ 10 ജില്ലകളിലായി 14,465 പന്നികളാണ് ഇതുവരെ ആഫ്രിക്കൻ പന്നിപ്പനി ഫീവർ ബാധിച്ചു ചത്തത്.രോഗവ്യാപനം തടയുന്നതിനായി എല്ലാ വിധ മുൻകരുതലുകളും സംസ്ഥാനമെടുത്തിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി, രോഗം ബാധിച്ചു ചത്ത പന്നികളെ കൂടുതൽ ആഴത്തിൽ സംസ്ക്കരിക്കണമെന്ന് ആസ്സാമിലെ മൃഗസംരക്ഷണ വകുപ്പിന്റെ മന്ത്രിയായ അതുൽ ബോറ നിർദ്ദേശിച്ചു.
രോഗം ബാധിച്ചിട്ടുള്ള പന്നികളെ കൂട്ടമായി കൊല്ലുന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാനത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ മേധാവിയായ പുലിൻ ദാസ് മാധ്യമങ്ങളോട് പറഞ്ഞു.ഇതിനെ സംബദ്ധിച്ച് തീരുമാനങ്ങളെടുക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.ആസാമിൽ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിൽ പന്നിഫാം നടത്തുന്ന എല്ലാവരോടും സർക്കാർ മുൻകരുതലെടുക്കാൻ നിർദ്ദേശിച്ചു.ഇപ്പോഴത്തെ കണക്കുകളനുസരിച്ച് ആസാമിൽ ഏകദേശം 30 ലക്ഷം പന്നികളാണുള്ളത്.അത്കൊണ്ടു തന്നെ മറ്റ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളെക്കാൾ കൂടുതൽ പന്നിമാംസ വ്യാപാരം നടക്കുന്നതും ആസാമിലാണ്.








