ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെയും സിക്കുകാരുടെയും ദുരവസ്ഥ തുടരുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം ഇസ്ലാമിലേക്ക് മതം മാറ്റി. പതിമൂന്ന് വയസ്സുകാരിയായ കവിതാ കുമാരി എന്ന പെൺകുട്ടിയെയാണ് ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്ക് കുപ്രസിദ്ധി നേടിയ മിയാൻ മിതൂവെന്ന പുരോഹിതൻ ഇസ്ലാമിലേക്ക് മതം മാറ്റിയിരിക്കുന്നത്.
തീവ്ര ഇസ്ലാം ചിന്താഗതിക്കാരനായ മിയാൻ പെൺകുട്ടിയെ മതം മാറ്റുന്നതിന്റെ വീഡിയോ പാക് മനുഷ്യാവകാശ പ്രവർത്തകനായ റാഹത്ത് ഓസ്റ്റിൻ ട്വിറ്ററിൽ പങ്കു വെച്ചിരുന്നു. എന്നാൽ പിന്നീട് പാക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഇടപെടലിനെ തുടർന്ന് വീഡിയോ നീക്കം ചെയ്യപ്പെടുകയായിരുന്നു.
https://twitter.com/johnaustin47/status/1260149230527631360
‘മിതൂ മാഫിയ‘ എന്ന പേരിൽ സിന്ധിൽ കുപ്രസിദ്ധമായ മതപരിവർത്തന സംഘത്തിന് നേതൃത്വം നൽകുന്ന മിയാൻ മിതൂവിന്റെ ലക്ഷ്യം പ്രധാനമായും പ്രവിശ്യയിലെ പ്രായപൂർത്തിയാകാത്ത ഹിന്ദു- സിഖ് പെൺകുട്ടികളാണ്. ഹോളി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രവീണ, റീന എന്നീ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെയും മിയാനും സംഘവും തട്ടിക്കൊണ്ടു പോയി മതം മാറ്റിയിരുന്നു.
നന്ദലാൽ എന്ന അദ്ധ്യാപകന്റെ മകളായ റിങ്കിൾ കുമാരി എന്ന പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ നവീദ് ഷാ എന്നയാൾ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചതിന് പിന്നിലും മിതൂ മാഫിയ ആയിരുന്നു. ഇവർക്കെതിരെ പരാതി നൽകിയ നന്ദലാലിനും കുടുംബത്തിനും പിന്നീട് സിന്ധിൽ നിന്ന് ലാഹോറിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു.
സിന്ധ് പ്രവിശ്യയിൽ കഴിഞ്ഞ വർഷം നടന്ന ഹിന്ദു വിരുദ്ധ കലാപത്തിനിടെ നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും കൂട്ടക്കൊലകളും മതം മാറ്റങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു. ഇതിന് നേതൃത്വം നൽകിയത് മിയാൻ മിതൂ എന്നറിയപ്പെടുന്ന മിയാൻ അബ്ദുൾ ഹഖും സംഘവുമായിരുന്നു എന്ന ആരോപണം ശക്തമായിരുന്നു. എന്നാൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ പിന്തുണയും പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും ജനറൽ ഖമർ ജാവേദ് ബജ്വയുമായുമുള്ള ഇയാളുടെ അടുപ്പവും കുറ്റകൃത്യങ്ങൾക്കും ന്യൂനപക്ഷ പീഡനങ്ങൾക്കും പ്രോത്സാഹനമാകുകയാണെന്നും പാക് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.













Discussion about this post