മാനന്തവാടി : പോലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് താൽക്കാലികമായി മാനന്തവാടി പോലീസ് സ്റ്റേഷന്റെ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറി.മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതേതുടർന്ന്, മാനന്തവാടി പോലീസ് സ്റ്റേഷൻ ആരോഗ്യപ്രവർത്തകരും ഫയർഫോഴ്സും ചേർന്ന് അണുവിമുക്തമാക്കി.
മാനന്തവാടി പോലീസ് സ്റ്റേഷനിലെ 24 പോലീസ് ഉദ്യോഗസ്ഥരെയാണ് കോവിഡ് -19 പരിശോധനയ്ക്ക് വിധേയമാക്കിയത്.ഇതിൽ 18 പേരുടെ ഫലം പുറത്തുവരികയും മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.കൊറോണയുടെ പരിശോധനയ്ക്ക് വിധേയമാക്കിയ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ വീടുകളിലും പരിസര പ്രദേശത്തെ റിസോർട്ടുകളിലുമായി ക്വാറന്റൈനിലാണ്.മാനന്തവാടി സ്റ്റേഷൻ പരിധിയിൽ വരുന്ന ഹോട്ട്സ്പോട്ടിലെ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം മാനന്തവാടി സബ് ഡിവിഷനിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലുള്ള പോലീസുകാരെ ഉപയോഗിച്ചാണ് ഇപ്പോൾ നടത്തി വരുന്നത്.മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് നേരിട്ടുള്ള സന്ദർശനം ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്.













Discussion about this post