ഡൽഹി: കൊറോണ രോഗവ്യാപനത്തെക്കുറിച്ചും മരണ സംഖ്യയെക്കുറിച്ചും ചൈന പുറത്തു വിടുന്ന കണക്കുകൾ യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തവയെന്ന് റിപ്പോർട്ട്. ചൈനയിലെ ഒരു സൈനിക നിയന്ത്രിത സർവ്വകലാശാലയിൽ നിന്നും ചോർന്ന വിവരങ്ങളാണ് ഞെട്ടിക്കുന്ന പുതിയ കണക്കുകൾക്ക് ആധാരം.
എൺപത്തിനാലായിരം പേർക്ക് മാത്രമാണ് ചൈനയിൽ കൊവിഡ് 19 ബാധിച്ചത് എന്നാണ് ചൈനീസ് സർക്കാർ ഔദ്യോഗികമായി പുറത്തു വിടുന്ന വിവരം. എന്നാൽ ആറ് ലക്ഷത്തി നാല്പതിനായിരത്തിലധികം പേർക്ക് ചൈനയിൽ രോഗബാധയുണ്ടായതായാണ് കണക്കുകൾ. രോഗബാധയുമായി ബന്ധപ്പെട്ട കണക്കുകളിൽ ചൈന സുതാര്യത പുലർത്തുന്നില്ലെന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിമർശനത്തിന് പിൻബലം നൽകുന്നതാണ് പുതിയ കണക്കുകൾ.
2020 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. 230 നഗരങ്ങളിലെ 640,000 കൊവിഡ് കേസുകളുടെ കണക്കുകളാണ് ഹാക്കർമാർ പുറത്തു വിട്ടിരിക്കുന്നത്. മരണപ്പെട്ടവരുടെയും രോഗമുക്തരായവരുടെയും കണക്കുകളിലും ചൈന കൃത്രിമം കാട്ടിയിട്ടുണ്ടന്നാണ് വിവരം. ഇതിന്റെ യഥാർത്ഥ കണക്കുകളും ഉടൻ പുറത്തു വരുമെന്നാണ് സൂചന. കൊവിഡ് വിവരങ്ങളിൽ വെള്ളം ചേർത്തു എന്ന ആരോപണം നേരിടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സർക്കാരും ഇതോടെ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വിവരം.
ചൈന കൊവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ കള്ളം പറയുന്നുവെന്നും ചൈനീസ് സർക്കാർ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ആവർത്തിച്ച് ആരോപിച്ചിരുന്നു. രോഗബാധിതരെ കുറിച്ചും മരണ സംഖ്യയെക്കുറിച്ചും ചൈന പുറത്തു വിടുന്ന കണക്കുകളേക്കാളും നിരവധി മടങ്ങ് വലുതാണ് യഥാർത്ഥ സംഖ്യയെന്നും ട്രമ്പ് ആരോപിച്ചിരുന്നു.
Discussion about this post