ഡൽഹിയിലെ മെട്രോ ട്രെയിനുകൾ വീണ്ടും ഓടാൻ തയ്യാറെടുക്കുന്നു.തിങ്കളാഴ്ച മുതൽ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് സൂചനകൾ.ഇതിന്റെ ഭാഗമായി യാത്രക്കാർ മെട്രോ സ്റ്റേഷനിലും ട്രെയിനിലും പാലിക്കേണ്ട പ്രോട്ടോകോളുകൾ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കുന്നുണ്ട്. കൊറോണയുടെ വ്യാപനം തടയുന്നതിന് വേണ്ടി പുതിയ പല സജ്ജീകരണങ്ങളും മെട്രോ സ്റ്റേഷനിൽ ഏർപ്പാടാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴി മാത്രമേ യാത്രക്കാർക്ക് ഇനി മുതൽ യാത്ര ടിക്കറ്റിനുള്ള പണം കൈമാറാൻ സാധിക്കൂ.ട്രെയിനിനു വേണ്ടി കാത്തു നിൽക്കുന്ന സ്ഥലങ്ങളിലും, ടിക്കറ്റ് കൗണ്ടറുകളിലും സാമൂഹ്യ അകലം ഉറപ്പ് വരുത്തുകയും മാസ്‌ക്കുകൾ നിർബന്ധമാക്കുകയും വേണമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
സ്റ്റേഷനിലേക്ക് വരുന്നവർക്കും പോകുന്നവർക്കും വ്യത്യസ്ത കവാടങ്ങളായിരിക്കും ഇനി മുതൽ മെട്രോ സ്റ്റേഷനിൽ ഉണ്ടാവുക.ആറ് കോച്ചുകളുള്ള ട്രെയിനിൽ 1, 800 പേർക്കാണ് സാധാരണ നിലയിൽ യാത്ര ചെയ്യാനാവുക.സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് ഇനി മുതൽ ആറ് കോച്ചുകളുള്ള ട്രെയിനിൽ 300 മുതൽ 500 വരെ യാത്രക്കാർ മാത്രമായിരിക്കും യാത്ര ചെയ്യുക. അതേ സമയം, കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു മാത്രമേ ഈ കാര്യങ്ങളിൽ ഒരു അവസാന തീരുമാനം എടുക്കുകയുള്ളൂ എന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.
Discussion about this post