സോമാറ്റോക്ക് പിന്നാലെ സ്വിഗ്ഗിയും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. കൊറോണ വൈറസിന്റെ വ്യാപനം സ്വിഗ്ഗിയുടെ ഭക്ഷണവിതരണത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അത്കൊണ്ട് ആയിരത്തോളം ജീവനക്കാരെയാണ് സ്വിഗ്ഗി പറഞ്ഞു വിടാനൊരുങ്ങുന്നത്.സ്വിഗ്ഗിയുടെ സിഇഒ ശ്രീഹർഷ മജെറ്റിയാണ് ഇക്കാര്യം കമ്പനിയുടെ ബ്ലോഗ് വഴി ജീവനക്കാരെ അറിയിച്ചത്. കഴിഞ്ഞ ദിവസം സോമാറ്റോ, കമ്പനിയിലെ 13 ശതമാനം ജീവനക്കാരെ പറഞ്ഞു വിട്ടിരുന്നു.
ഇപ്പോഴുള്ള അവസ്ഥയിൽ കമ്പനിക്ക് ലാഭമുണ്ടാക്കണമെങ്കിൽ ചിലവുകൾ കുറച്ചേ മതിയാവൂ, അതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതെന്നും ശ്രീഹർഷ കൂട്ടിച്ചേർത്തു.പറഞ്ഞു വിടാൻ ഉദ്ദേശിക്കുന്ന ജീവനക്കാരെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് ടീം ഉടൻ തന്നെ ബന്ധപ്പെടുമെന്നും ആ ജീവനക്കാർക്ക് എല്ലാ വിധത്തിലുമുള്ള സാമ്പത്തിക സഹായവും നൽകി കമ്പനി കൂടെയുണ്ടാകുമെന്നും സിഇഒ അറിയിച്ചിട്ടുണ്ട്.പിരിച്ചു വിടാൻ പോകുന്ന ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകാനാണ് സ്വിഗ്ഗിയുടെ തീരുമാനം.












