ഡല്‍ഹി: മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരുടെയും ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതിയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന മുന്നിലും പിറകിലുമിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ സമിതി ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു.
വേഗപരിധി ലംഘിക്കുന്നവരുടെയും ചുവന്ന ലൈറ്റ് മറികടക്കുന്നവരുടെയും അധികമായി ചരക്ക് കയറ്റുന്നവരുടെയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരുടെയും ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം.
മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിക്കപ്പെടുന്നവരെയും കുറ്റവിചാരണ നടത്തണം. ഇത്തരക്കാര്‍ക്ക് തടവുശിക്ഷ ശുപാര്‍ശചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹെല്‍മെറ്റ് വെയ്ക്കാത്തവരെ പിഴയടപ്പിക്കുന്നതിനൊപ്പം കുറഞ്ഞത് രണ്ടുമണിക്കൂര്‍ റോഡ് സുരക്ഷാവിദ്യാഭ്യാസത്തിനും കൗണ്‍സലിങ്ങിനും വിടണം. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും ഇതേ നടപടിക്കു വിധേയരാക്കണം.
സപ്തംമ്പര്‍ ഒന്നുമുതല്‍ മൂന്നുമാസം കൂടുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളും നടപടിയെടുത്തതിന്റെ റിപ്പോര്‍ട്ട് സമിതിക്ക് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post