ഡൽഹി: വ്യോമാതിർത്തിക്ക് സമീപത്തെ വർദ്ധിച്ചു വരുന്ന ചൈനീസ് വിമാനങ്ങളുടെ സാന്നിദ്ധ്യം ഇന്ത്യ കർശനമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ എസ് ബദൗരിയ. ഇത് പുതിയ കാര്യമല്ലെന്നും ലഡാക്കിലും ഉത്തരാഖണ്ഡിലും വടക്കു കിഴക്കൻ വ്യോമാതിർത്തികളും ഇന്ത്യ കർശനമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ചൈനയുടെ നീക്കങ്ങളോടുള്ള ഇന്ത്യയുടെ മറുപടി ലഡാക്കിലും സിക്കിമിലും കരസേനാ മേധാവി നൽകിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സമാനമായ നിലപാട് തന്നെയാണ് വ്യോമസേനയുടേതെന്നും ഏതെങ്കിലും വിമാനം ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ ചെയ്യേണ്ടതെന്താണെന്ന് വ്യോമസേനക്ക് വ്യക്തമായ ധാരണയുണ്ടെന്നും ബദൗരിയ വ്യക്തമാക്കി.
നിലവിൽ സേനകൾ ജാഗരൂകരാണെന്ന് പ്രതികരിച്ച അദ്ദേഹം ഏത് സാഹചര്യം നേരിടാനും വ്യോമസേന സജ്ജമാണെന്നും വ്യക്തമാക്കി.







