ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൗൺസിൽ യോഗത്തിൽ, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനുയർത്തിയ വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്.വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ ഇന്ത്യൻ സർക്കാർ രാജ്യത്ത് ഇസ്‌ലാമോഫോബിയ വളർത്തുന്നുവെന്ന് പാകിസ്ഥാൻ ആരോപിച്ചു. ഐക്യരാഷ്ട്രസംഘടനയിലെ പാക് സഭാംഗമായ മുനീർ അക്രമാണ് ഇന്ത്യയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്.പക്ഷേ, ഇസ്‌ലാമിക രാജ്യമാണെങ്കിലും ഇന്ത്യയെ ശക്തമായി പ്രതിരോധിച്ചു കൊണ്ട് മാലിദീപ് രംഗത്തെത്തിയത് പാകിസ്ഥാന് തിരിച്ചടിയായി.
“200 മില്യൻ മുസ്ലിങ്ങൾ അധിവസിക്കുന്ന ബൃഹത്തായൊരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ പാകിസ്ഥാന്റെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്.സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രം അടിസ്ഥാനമാക്കി ഒരു രാജ്യത്തെ വിലയിരുത്തരുത്.” എന്നായിരുന്നു മാലിദ്വീപിന്റെ മറുപടി. മാലിദ്വീപ് സ്വാതന്ത്ര്യം നേടിയ വർഷമായ 1965 മുതൽ മാലിദ്വീപിനെ ഒരു രാഷ്ട്രമായി അംഗീകരിക്കുകയും, അവരുമായി ശക്തമായ ബന്ധം പുലർത്തുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അന്നുതൊട്ട് ഇന്നുവരെ ഉള്ള ഭരണാധികാരികൾ എല്ലാം മാലിദ്വീപുമായി ഊഷ്മളമായ ബന്ധം തന്നെയാണ് നില നിർത്തിയിരുന്നത്.











