തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യുവിന് ഗൂഗിള്‍ അനുമതി. ഇതോടെ മദ്യ വിപണനവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ എക്സൈസ് വകുപ്പ് ആരംഭിച്ചു. ആപ്പ് ഇന്നോ നാളെയോ നിലവില്‍ വരും. മദ്യശാലകള്‍ തുറക്കാനുള്ള സാഹചര്യം മനസിലാക്കാന്‍ എക്സൈസ് മന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
ഏറ്റവും അനുയോജ്യമായാണ് സാങ്കേതിക വിദ്യായാണ് ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും സാധാരണ ഫോണിലും ആപ്പ് ഉപയോഗിക്കാമെന്നും ഫെയര്‍ കോഡ് കമ്പനി അധികൃതര്‍ പറയുന്നു.
ഓണ്‍ലൈന്‍ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പ് തയ്യാറാക്കുന്നതില്‍ അനിശ്ചിതത്വം കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുകയായിരുന്നു. ഒരാഴ്ച മുമ്പ് കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്പനി തയ്യാറാക്കിയ ആപ്പ് തിരഞ്ഞെടുത്തിരുന്നു. പക്ഷെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ആപ്പ് പരാജയപ്പെട്ടു. സുരക്ഷ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച ഏഴ് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്.
ഇന്ന് വൈകുന്നേരത്തിന് മുമ്പ് ഗൂഗിള്‍ നിന്നുള്ള അനുകൂല മറുപടിയാണ് ബെവ്ക്കോ പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ ആപ്പ് പൊതുജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ബുക്കിംഗിന് സൗകര്യമുണ്ടായാല്‍ നാളെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കവും സംസ്ഥാനത്ത് നടക്കുന്നുണ്ട്. മദ്യശാലകള്‍ തുറക്കുന്നത് പല തവണ മാറ്റിവച്ചതിനാല്‍ അന്തിമതീരുമാനം എപ്പോഴെന്ന് ഔദ്യോഗികമായി പറയാന്‍ ബൈവ്കോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
Discussion about this post