ന്യൂഡല്‍ഹി : ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജെഎന്‍യു ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങണമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍.പ്രത്യേക ട്രെയിനുകളും സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ബസ് സര്‍വീസുകളും ഇതിനായി വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കണമെന്നും സര്‍വ്വകലാശാല നിര്‍ദേശിക്കുന്നു.
ഡീന്‍ ഓഫ് സ്റ്റുഡന്റസ് പ്രൊഫസര്‍ സുധീര്‍ പ്രതാപ് സിംഗ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്കൊണ്ടാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.കൊറോണ വ്യാപനത്തിന്റെ ആരംഭത്തില്‍ മാര്‍ച്ച് മാസത്തില്‍ തന്നെ വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ നല്‍കിയിരുന്നു. സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയാണ്. ഹോസ്റ്റല്‍ അടയ്ക്കുകയാണെന്നും വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങണം എന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു .
എന്നാല്‍, ആ സമയത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഹോസ്റ്റലില്‍ കഴിയാന്‍ അനുവദിക്കണം എന്ന് അപേക്ഷിച്ചിരുന്നതായും ഡീന്‍ വ്യക്തമാക്കുന്നു.എന്നാല്‍ ഇപ്പോള്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും സംസ്ഥാനങ്ങളുടെ പ്രത്യേക ബസ് സര്‍വീസുകളും ആരംഭിച്ച സാഹചര്യത്തില്‍, വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ട് നാട്ടിലേക്ക് തിരികെ പോകണം എന്നാണ് സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശം.
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് ഇതിനെയെതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. ചില സ്വയം പ്രഖ്യാപിത വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് എന്തിനേയും എതിര്‍ക്കുന്ന മനോഭാവമാണെന്ന് സര്‍വ്വകലാശാല കുറ്റപെടുത്തുന്നു.
Discussion about this post