അഹമ്മദാബാദ്: ചുൻരിവാല മാതാജി എന്നറിയപ്പെടുന്ന യോഗി പ്രഹ്ളാദ് ജാനി അന്തരിച്ചു. 90 വയസ്സായിരുന്നു. ആഹാര പാനീയങ്ങൾ ഇല്ലാതെ 76 വർഷം ജീവിച്ചു എന്നവകാശപ്പെടുന്ന സന്യാസിയാണ് യോഗി പ്രഹ്ളാദ് ജാനി.
ഗുജറാത്തിൽ വലിയ ആരാധകവൃന്ദമാണ് യോഗി പ്രഹ്ളാദ് ജാനിക്ക് ഉള്ളത്. അംബാ ദേവിയുടെ അനുഗ്രഹത്താലാണ് തനിക്ക് അന്നപാനീയങ്ങൾ ഇല്ലാതെ ജീവിക്കാൻ കഴിയുന്നത് എന്ന് യോഗി വ്യക്തമാക്കിയിരുന്നു. സദാ സമയവും ചുവന്ന സാരിയിൽ സ്ത്രീ രൂപത്തിൽ ദർശനം നൽകിയിരുന്നതിനാലാണ് ചുൻരിവാല മാതാജി എന്ന് അറിയപ്പെട്ടിരുന്നത്.
14ആമത്തെ വയസ്സിലാണ് മാതാജി അവസാനമായി വെള്ളമോ ഭക്ഷണമോ കഴിച്ചതെന്നും കഴിഞ്ഞ 76 വർഷമായി വായു മാത്രമായിരുന്നു സ്വീകരിച്ചിരുന്നതെന്നും ശിഷ്യന്മാർ സാക്ഷ്യപ്പെടുത്തുന്നു. ആത്മീയതയുടെ പ്രഭാവം തേടി ചെറുപ്രായത്തിലേ യാത്ര തിരിച്ച വ്യക്തിയായിരുന്നു യോഗി.
ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കാൻ കഴിയുന്നത് അംബാദേവിയുടെ അനുഗ്രഹത്താലാണെന്ന് അവകാശപ്പെട്ടിരുന്ന യോഗിയുടെ സിദ്ധി 2003ലും 2010ലും ശാസ്ത്രലോകം പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. 2010ൽ ഡി ആർ ഡി ഒയുടെ നേതൃത്വത്തിൽ രണ്ടാഴ്ചക്കാലത്തോളം യോഗി പ്രഹ്ളാദ് ജാനിയെ ശാസ്ത്രജ്ഞർ നിരീക്ഷിച്ചിരുന്നു. ആഹാരപാനീയങ്ങൾ ഇല്ലാതെ കഴിച്ചു കൂട്ടാനുള്ള യോഗിയുടെ കഴിവ് അസാമാന്യമാണെന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തിയിരുന്നു.
ഗുജറാത്തിലെ ആശ്രമത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന യോഗി പ്രഹ്ളാദ് ജാനിയുടെ ഭൗതിക ശരീരം വ്യാഴാഴ്ച സമാധിയിരുത്തുമെന്ന് ആശ്രമം അധികൃതർ അറിയിച്ചു.











Discussion about this post