തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ ബെവ്ക്യു ആപ്പ് പ്ലേസ്റ്റോറിലെത്തി. ട്രയൽ റണ്ണിൽ രണ്ട് മിനിട്ടു കൊണ്ട് ഇരുപതിനായിരം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു.
എന്നാൽ നിലവിൽ നടക്കുന്നത് ആപ്പിന്റെ ട്രയൽ റൺ മാത്രമാണെന്നും ആപ്പിന്റെ ബീറ്റാ പതിപ്പ് പ്ലേസ്റ്റോറിലുണ്ടെങ്കിലും തത്കാലം ഡൗൺലോഡ് ചെയ്യാനാവില്ലെന്നും നിർമ്മാതാക്കളായ ഫെയർകോഡ് കമ്പനി അറിയിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്തവർ മദ്യം വാങ്ങാനുള്ള ടോക്കൺ എടുത്തെങ്കിലും അതെല്ലാം ഇന്നത്തെ തീയതിക്കുള്ള ടോക്കണുകൾ ആണെന്നും അവയൊന്നും തന്നെ സാധുവല്ലെന്നും കമ്പനി വ്യക്തമാക്കി.
വൈകീട്ട് 3.30-ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ആപ്പിൻറെ വിശദവിവരങ്ങൾ പുറത്തു വിടും. ഇതിനു ശേഷം ഔദ്യോഗികമായി പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ബെവ് ക്യൂ ആപ്പ് ലഭ്യമാകും. 35 ലക്ഷം പേർക്ക് വരെ ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്പ് സജ്ജമാക്കിയിരിക്കുന്നത് എന്ന് നിർമ്മാതാക്കളായ ഫെയർകോഡ് സൊലൂഷ്യൻസ് അവകാശപ്പെടുന്നു.
അതേസമയം സംസ്ഥാനത്ത് നാളെ മുതലാണ് മദ്യവിൽപന പുനരാരംഭിക്കുന്നത്. മദ്യവിൽപന തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രസഭായോഗം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 303 ബെവ്കോ – കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളുടെയും സ്വകാര്യ ബാറുകളുടെയും വൈൻ പാർലറുകളുടേയും വിവരം ആപ്പിൽ ലഭ്യമാണ്.
ഉപഭോക്താവിന് പിൻകോഡ് വഴി അടുത്തുള്ള മദ്യവിൽപനശാലയിൽ പ്രവേശിക്കാനുള്ള ടോക്കൺ ആപ്പിലൂടെ ലഭിക്കും. ഇതുമായി നിർദേശിക്കപ്പെട്ട മദ്യവിൽപനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് സജ്ജികരിച്ചിരിക്കുന്നത്.












Discussion about this post