നാല് ഇന്ത്യൻ സൈനികർക്ക് ജമ്മു കശ്മീരിൽ ഉണ്ടായ വാഹനാപകടത്തിൽ വീരമൃത്യു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ഒമ്പത് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭദർവ-ചംബ അന്തർസംസ്ഥാന പാതയിലെ ഖാനി ടോപ്പിന് സമീപമാണ് അപകടം നടന്നത്.
അതിർത്തിയിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഹൈ ആൾട്ടിറ്റ്യൂഡ് പോസ്റ്റിലേക്ക് 17 സൈനികരുമായി പോവുകയായിരുന്നു ബുള്ളറ്റ് പ്രൂഫ് വാഹനം. ദുർഘടമായ പാതയിലൂടെയുള്ള യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടവാർത്ത അറിഞ്ഞയുടൻ സൈന്യവും പോലീസും സംയുക്തമായി അതിവേഗത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. നാല് സൈനികരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റ ഒമ്പത് സൈനികരെ കൊക്കയിൽ നിന്ന് സാഹസികമായി പുറത്തെത്തിച്ചു. ഇവരിൽ നില അതീവ ഗുരുതരമായ മൂന്ന് ജവാന്മാരെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ ഉധംപൂരിലെ മിലിട്ടറി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.
ഭാരതത്തിന്റെ അതിർത്തി കാക്കുന്ന ധീര ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ രാജ്യം ഒന്നടങ്കം നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റ സൈനികർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.













Discussion about this post