മലപ്പുറം : മഞ്ചേരിയിൽ മരിച്ച 4 വയസ്സുള്ള കുട്ടിക്ക് കോവിഡ് ബാധയുണ്ടായിരുന്നില്ലെന്ന് മാതാപിതാക്കൾ.കുട്ടി ചികിത്സാ പിഴവുകൊണ്ടാണ് മരിച്ചതെന്നും പരിശോധനയിൽ സംഭവിച്ച പിഴവ് തുറന്നു പറയാൻ സർക്കാർ തയ്യാറാവണമെന്നും കുട്ടിയുടെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു.ഏപ്രിൽ 24 ന് ജന്മനാ ഹൃദ്രോഗിയായ കുഞ്ഞ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ എഴുതിയിട്ടുള്ളത്.
കുട്ടിയുടെ മരണശേഷം ലഭിച്ച റിപ്പോർട്ടിൽ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെന്നും കുട്ടിയുടെ മരണത്തെ തുടർന്ന് ബന്ധുക്കളായ 33 പേരെ ക്വാറന്റൈനിൽ ആക്കിയത് വെറുതെയായിരുന്നുവെന്നും മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്.കുട്ടിക്ക് നൽകിയ ചികിത്സയിൽ പിഴവ് വന്നിട്ടുണ്ടെങ്കിൽ മറച്ചു വെക്കുന്നതിനു പകരം അതു തുറന്നു പറയാൻ അധികൃതർ തയ്യാറാവണമെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം.












