അടുത്തിടെ നടന്ന ജനകീയ സമരങ്ങളെക്കുറിച്ച് മുതിർന്ന രാഷ്ട്രീയ നിരീക്ഷകനും മുൻ ബിജെപി നേതാവുമായ ടി.ജി. മോഹൻദാസ് നടത്തിയ വിവാദ അഭിപ്രായപ്രകടനങ്ങൾ അപലപനീയമാണെന്ന് ആർഎസ്എസ്. അദ്ദേഹത്തിന്റെ പ്രസ്താവനകളെ പൂർണ്ണമായും തള്ളിപ്പറഞ്ഞുകൊണ്ട് ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ രംഗത്തെത്തി. ടി.ജി. മോഹൻദാസിന്റെ നിലപാടുകളോടും അത്തരം കാഴ്ചപ്പാടുകളോടും ആർഎസ്എസ് എന്ന പ്രസ്ഥാനത്തിന് ഒരു തരത്തിലുമുള്ള യോജിപ്പുമില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലും പൊതുവേദികളിലും ടി.ജി. മോഹൻദാസ് നടത്തുന്ന പരാമർശങ്ങൾ അദ്ദേഹത്തിന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്. നിലവിൽ ആർഎസ്എസിന്റെ ഏതെങ്കിലും തരത്തിലുള്ള സംഘടനാ ചുമതലയോ ഉത്തരവാദിത്തങ്ങളോ അദ്ദേഹം വഹിക്കുന്നില്ലെന്നും സംഘടനയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കെ.ബി. ശ്രീകുമാർ കൂട്ടിച്ചേർത്തു.









