സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി (HIV) രോഗബാധ ആശങ്കാജനകമായ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിൽ നിർണായക പ്രതിരോധ നീക്കവുമായി കർണാടക സർക്കാർ. എൻജിനീയറിംഗ്, ആർട്സ്, സയൻസ് തുടങ്ങി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യമന്ത്രാലയം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (KSAPS) പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും (VTU) കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ എച്ച്ഐവി ബാധിതരുള്ള സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കർണാടകം. നിലവിൽ 2.6 ലക്ഷത്തോളം ആളുകൾ രോഗബാധിതരായി ഉള്ളതിൽ 54,000-ത്തിലധികം പേർ തങ്ങൾക്ക് രോഗബാധയുണ്ടെന്ന വിവരം അറിയാത്തവരാണ് എന്നത് സ്ഥിതിഗതികളുടെ വ്യാപ്തി കൂട്ടുന്നു. ഇതിൽ 18-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലെ രോഗവ്യാപനം അതിവേഗമാണ് ഉയരുന്നത്. 2023-24 കാലഘട്ടത്തിൽ ഈ പ്രായപരിധിയിൽ 44,500 പേരിൽ രോഗം കണ്ടെത്തിയിരുന്നെങ്കിൽ, 2025-26 ആയപ്പോഴേക്കും ഇത് 66,000 ആയി കുത്തനെ ഉയർന്നു. 18-നും 25-നും ഇടയിൽ പ്രായമുള്ള 7,000-ത്തോളം യുവാക്കൾ നിലവിൽ ചികിത്സയിലുണ്ട്.
ലഹരിമരുന്നിന്റെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളുമാണ് വിദ്യർത്ഥികൾക്കിടയിൽ രോഗബാധ വർധിക്കാൻ പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കോളേജുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനകളിൽ വിദ്യാർത്ഥികളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കാൻ ‘Know Your HIV Status’ എന്ന പേരിലുള്ള ക്യുആർ (QR) കോഡ് അധിഷ്ഠിത ആപ്പും ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും (UGC) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നിർദ്ദേശപ്രകാരം പ്രത്യേക ഹെൽത്ത് ക്യാമ്പുകൾ വഴി പരിശോധനയും കൗൺസിലിംഗും തടസ്സമില്ലാതെ പൂർത്തിയാക്കാൻ എല്ലാ കോളേജ് പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധ മുൻകൂട്ടി കണ്ടെത്തി ആന്റിറെട്രോവൈറൽ തെറാപ്പി (ART) ചികിത്സ ഉറപ്പാക്കുന്നതിലൂടെ മാരകമായ രോഗവ്യാപനം തടയാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.










